ഖത്തറില്‍ വിദേശ തൊഴിലാളികളുടെ വീസയില്‍ ഇലക്ട്രോണിക് സംവിധാനം

ദോഹ: രാജ്യത്തെ വിദേശ തൊഴിലാളികളുടെ നിയമത്തിനും നിലവിലുള്ള സ്ഥിരം സമിതിക്കു പകരമായി പുതിയ ഇലക്ട്രോണിക് വീസ സംവിധാനം നിലവില്‍ വരുന്നു. തൊഴിലാളികളുടെ നിയമനം എളുപ്പത്തിലാക്കാന്‍ ഈ പുതിയ സംവിധാനം സഹായകമാകുമെന്നും ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ റിക്രൂട്‌മെന്റ് വിഭാഗം ഡയറക്ടര്‍ ഫവസ് അല്‍ റായിസ് വ്യക്തമാക്കി.

നിലവില്‍ വരാനിരിക്കുന്ന ഇലക്ട്രോണിക് വീസ സംവിധാനം കമ്പനികള്‍ക്കു സമയലാഭമുണ്ടാക്കുകയും അനാവശ്യ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യും. എത്ര തൊഴിലാളികളെ വേണം, ഏതെല്ലാം പ്രഫഷനിലുള്ളവരെയാണ് ആവശ്യം, ഏതെല്ലാം രാജ്യങ്ങളില്‍ നിന്നാണു തൊഴിലാളികളെ കൊണ്ടുവരുന്നത് തുടങ്ങിയ നിയമനവുമായി ബന്ധപ്പെട്ട എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം തയ്യാറാവുന്നത്. നിലവില്‍ ചില സ്ഥാപനങ്ങളോട് ഇക്കാര്യത്തില്‍ ചില സ്ഥാപനങ്ങളോട് അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും ഇത്തരത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുക. ഓണ്‍ലൈന്‍ റിക്രൂട്‌മെന്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം കമ്പനിയുടമകള്‍ക്കും എച്ച്ആര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും വിശദീകരിക്കാന്‍ ഖത്തര്‍ ചേംബര്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് അല്‍ റായിസ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശരാജ്യങ്ങളില്‍ നിന്നുതന്നെ ആവശ്യമുള്ള തൊഴിലാളികളെ കമ്പനികള്‍ക്കു നിയമിക്കാനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. അനുയോജ്യരായിട്ടുള്ള തൊഴിലാളികളുടെ വീസ നടപടികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കി അവരെ ഖത്തറിലെത്തിക്കാനും കഴിയും. ഇത് കമ്പനികള്‍ക്ക് വളരെയേറെ സമയലാഭവും സാമ്പത്തികലാഭവും ഉണ്ടാക്കുമെന്ന് ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍മീര്‍ ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കമ്പനികള്‍ നല്‍കുന്ന അപേക്ഷ മന്ത്രാലയം ഒരിക്കല്‍ അംഗീകരിച്ചാല്‍ ആ വീസയില്‍ തൊഴിലാളിയെ ഖത്തറിലെത്തിക്കുന്നതിനു പരമാവധി ഒരു വര്‍ഷംവരെ സമയം ലഭിക്കും. ഈ മാസം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.