ഖത്തറിലേക്ക്‌ മരുന്നു കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു

Untitled-1 copyദോഹ: ഖത്തറിലേക്ക്‌ മരുന്നുമായി വന്ന നിരവധി ഇന്ത്യക്കാര്‍ പിടിയിലായ സാഹചര്യത്തില്‍ ആളുകളെ ബോധവല്‍ക്കരിക്കാനായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്‌ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. സ്വന്തം ആവശ്യത്തിനോ മറ്റുള്ളവര്‍ക്കോ വേണ്ടി നാട്ടില്‍ നിന്ന്‌ കൊണ്ടുവരുന്ന ചില പ്രത്യേക ഇനത്തില്‍പ്പെട്ട അലോപ്പതി മരുന്നുകള്‍ കൈവശം വെച്ചതിനാണ്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ ഈയിടെ ദോഹയില്‍ പിടിയിലായത്‌.

വിമാനത്താവളങ്ങളില്‍ നടത്തിവരുന്ന പരിശോധനയില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ചില ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ കണ്ടെത്തിയാല്‍ ഇവരെ ജയിലിലടയ്‌ക്കുകയും പിന്നീട്‌ നാട്ടിലേക്ക്‌ തിരിച്ചയക്കുകയും ചെയ്യും. ഏതൊക്കെ മരുന്നുകള്‍ക്കാണ്‌ നിരോധനമുള്ളതെന്നു കൃത്യമായി മനസിലാക്കാന്‍ കഴിയാത്തതാണ്‌ പലരെയും കുഴപ്പത്തിലാക്കിയത്‌. ഈ സാഹചര്യത്തെ തുടര്‍ന്നാണ്‌ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട്‌ നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടിക ശേഖരിക്കാനും പ്രസിദ്ധീകരിക്കാനും ഇന്ത്യന്‍ എംബസി തീരുമാനമെടുത്തത്‌.

ഇപ്പോള്‍ നിലവിലുള്ള നിയമ മനുസരിച്ച്‌ അത്യാവശ്യം വേണ്ട മരുന്നുകള്‍ നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ ആരോഗ്യ ഉന്നതാധികാര സമിതിക്ക്‌ കീഴിലുള്ള ഫാര്‍മക്കോളജി ആന്‍ഡ്‌ ഡ്രഗ്‌ കണ്‍ട്രോള്‍ വകുപ്പിന്‌ നേരത്തെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. ചികിത്സിക്കുന്ന ഡോക്ടര്‍ ആറുമാസത്തിനുള്ളില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം. രോഗിയുടെ വ്യക്തിഗത വിവരം, പരിശോധനാ റിപ്പോര്‍ട്ട്‌, ചികിത്സാ കാലാവധി, മരുന്ന്‌ ചീട്ട്‌, മരുന്നിന്റെ ശാസ്‌ത്രീയ നാമം, തരം, അളവ്‌ എന്നിവയും അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. രോഗികള്‍ക്ക്‌ മരുന്ന്‌ കൊണ്ടുവരാന്‍ ഒരു തവണ അനുമതി ലഭിച്ചാല്‍ പിന്നീട്‌ ഓരോ തവണയും ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.