ഖത്തറില്‍ മറ്റുരാജ്യങ്ങളിലെ ഡ്രൈവിങ്‌ ലൈസന്‍സ്‌ മാറ്റി നല്‍കുന്നത്‌ നിര്‍ത്തി

Untitled-1 copyദോഹ: ഡ്രൈവര്‍ മാര്‍ക്ക്‌ തിരിച്ചടിയായി ഖത്തറിലെ പുതിയ ട്രാഫിക്‌ നിയമം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിങ്‌ ലൈസന്‍സുമായെത്തുന്ന വിദേശികള്‍ക്ക്‌ ഇനിമുതല്‍ ലൈസന്‍സ്‌ മാറ്റി നല്‍കുന്നത്‌ ഖത്തര്‍ നിര്‍ത്തിവെച്ചു. ഈ സേവനം ഇനി മുതല്‍ ജിസിസി പൗരന്‍മാര്‍ക്ക്‌ മാത്രമേ ലഭിക്കുകയുള്ളൂ എന്ന്‌ ഖത്തര്‍ ട്രാഫിക്‌ വിഭാഗം അറിയിച്ചു. കൂടാതെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഡ്രൈവിംഗ്‌ ടെസ്റ്റ്‌ അനുവദിക്കുന്നതും നിര്‍ത്തിവെച്ചു.

ഇനിമുതല്‍ മറ്റു രാജ്യങ്ങളിലെ ഡ്രൈവിങ്‌ ലൈസന്‍സുള്ളവര്‍ ഏറ്റവും ചുരുങ്ങിയത്‌ ഖത്തര്‍ ഡ്രൈവിങ്‌ ലൈസന്‍സിനായുള്ള പഠന കോഴ്‌സിന്റെ പകുതിയെങ്കിലും പൂര്‍ത്തിയാക്കി എഴുത്തുപരീക്ഷ പാസായാല്‍ മാത്രമേ ഡ്രൈവിംഗ്‌ ടെസ്റ്റ്‌ അനുവദിക്കുകയുള്ളൂ. ഇന്ത്യ,പാക്കിസ്‌താന്‍, ഫിലിപ്പിന്‍സ്‌,ഈജിപ്‌ത്‌, സുഡാന്‍, എത്യോപ്പിയ,ചൈന തുടങ്ങി ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്‌ ഈ നിയമം ബാധകം.

ഖത്തറില്‍ നിന്നുള്ള ഡ്രൈവിങ്‌ ലൈസന്‍സ്‌ പാസാവുക എന്നത്‌ ഏറെ ബുദ്ധിമുട്ടാണെന്നും വളരെ ചെറിയ വിഭാഗത്തിനുമാത്രമെ വിജയിക്കാന്‍ കഴിയുന്നുള്ളുവെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഈ നിയമം നടപ്പിലാവുന്നതോടെ ഡ്രൈവിങ്‌ ലൈസന്‍സ്‌ നിര്‍ബന്ധമുള്ള പല തസ്‌തികകളിലും ജോലി ലഭിക്കു എന്നത്‌ അത്ര എളുപ്പമാവില്ല.