ഖത്തറില്‍ 30% പേര്‍ കുടിക്കാന്‍ പൈപ്പ്‌ വെള്ളം ഉപയോഗിക്കുന്നു

ദോഹ: ഖത്തറിലെ ജനസംഖ്യയില്‍ 30 ശതമാനം പേരാണ് പൈപ്പ് വെള്ളം imagesകുടിക്കാന്‍ ഉപയോഗിക്കുന്നതെന്ന് സര്‍വ്വേ. പൈപ്പ് വെള്ളമാണോ കുപ്പി വെള്ളമാണോ കുടിക്കുന്നതെന്ന് അറിയാന്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കാര്യം വ്യക്തമായത്.
ഖത്തര്‍ ഫൗണ്ടേഷന്‍ ആന്റ് എജുക്കേഷന് കീഴിലുള്ള ഖത്തര്‍ എന്‍വയോണ്‍മെന്റ് ആന്റ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഖത്തറില്‍ പൈപ്പ് വെള്ളവും കുപ്പിവെള്ളവും കുടിക്കാന്‍ ഒരുപോലെ അനുയോജ്യമാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഖത്തറിലെ കുടിവെള്ളം സാധാരണ ഉപഭോക്താക്കള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതാണെന്ന് എന്‍വയോണ്‍മെന്റ് ആന്റ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ഗവേഷകയായ നോറ കുയിപ്പര്‍ പറഞ്ഞു. ഖത്തറില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ കുടിവെള്ള ബ്രാന്റുകളോടൊപ്പം പൈപ്പ് വെള്ളവും മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന സന്ദേശമാണ് ഈ സര്‍വ്വേയിലൂടെ കൈമാറുന്നത്.
ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 113 പൈപ്പ് വെള്ളവും 62 കുടിവെള്ളവുമാണ് സാംപിള്‍ പരിശോധനയ്ക്കായി എടുത്തത്. മാത്രമല്ല, ഏതുതരം കുടിവെള്ളമാണ് ജനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് വീടുകള്‍ കയറി അന്വേഷിച്ചതായും എന്തുകൊണ്ടാണ് അത്തരം വെള്ളം ഉപയോഗിക്കുന്നതെന്നും ചോദ്യത്തില്‍ ഉന്നയിച്ചിരുന്നു.