ഖത്തറിലെ കമ്പനികളില്‍ തൊഴില്‍ കമ്മിറ്റി രൂപീകരിക്കാന്‍ അനുമതി

ദോഹ: രാജ്യത്തെ കമ്പനികളില്‍ തൊഴില്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഖത്തര്‍ മന്ത്രിസഭ അനുമതി നല്‍കി. ഇതുപ്രകാരം ഇനിമുതല്‍ രാജ്യത്തെ കമ്പനികളില്‍ തൊഴിലാളികളും തൊഴിലുടമയും ഉള്‍പ്പെട്ട സംയുക്ത തൊഴില്‍ കമ്മിറ്റി നിലവില്‍ വരും. മുപ്പതോ അതിലധികമോ ജീവനക്കാരുള്ള ഓരോ കമ്പനികളിലും സംയുക്ത കമ്മിറ്റി രൂപീകരിക്കണം. തൊഴിലുടമയും തൊഴിലാളികളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. കമ്മിറ്റിയിലെ പകുതി അംഗങ്ങള്‍ തൊഴിലുടമയെയും ബാക്കി പകുതി തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നവരായിരിക്കണം.അമീരി ദിവാനില്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭരണനിര്‍വഹണ വികസന തൊഴില്‍ മന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

നിലവില്‍ വരാനിരിക്കുന്ന കമ്മിറ്റിയിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തൊഴിലാളികള്‍ക്ക് കമ്മിറ്റിയിലേക്ക് തങ്ങളുടെ പ്രതിനിധികളെ കൊണ്ടുവരാം. തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്റെ പ്രതിനിധികളെ തൊഴിലുടമയ്ക്കും തിരഞ്ഞെടുക്കാം. തൊഴിലുടമയുടെ അസാന്നിധ്യത്തില്‍ നിയമപരമായി കമ്പനിയുടെ ഭരണനിര്‍വഹണത്തില്‍ അധികാരം വിനിയോഗിക്കാന്‍ തൊഴിലുടമ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരാകണം കമ്മിറ്റിയില്‍ തൊഴിലുടമയെ പ്രതിനിധീകരിക്കാന്‍.

കമ്മിറ്റിയിലെ അംഗത്വത്തെ കുറിച്ചും തിരഞ്ഞെടുപ്പ് നടപടികളെ സംബന്ധിച്ചുമുള്ള വ്യവസ്ഥകളും കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്ള പരിശീലനം, തൊഴില്‍ സംഘാടനം, ഉല്‍പ്പാദനവും വികസനവും വര്‍ദ്ധിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍, ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തല്‍, അപകട പ്രതിരോധ മാര്‍ഗങ്ങള്‍, ആരോഗ്യ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ മെച്ചപ്പെടുത്തല്‍, തൊഴിലാളികളുടെ പൊതുസംസ്‌ക്കാരം വളര്‍ത്തിയെടുക്കുക തുടങ്ങയവയെല്ലാം കമ്മിറ്റിയുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നവയാണ്.