പൊതുമാപ്പ്‌;അനധികൃത താമസക്കാര്‍ക്ക്‌ ഇന്ന്‌ മുതല്‍ ഖത്തര്‍ വിടാം

Untitled-1 copyദോഹ: ഖത്തറില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക്‌ മൂന്ന്‌ മാസത്തേക്ക്‌ അനുവദിച്ച പൊതുമാപ്പ്‌ സെപ്‌തംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നു. പൊതുമാപ്പിന്റെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയം ബോധവത്‌കരണം ശക്തമാക്കി. സെപ്‌റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നുവരെ മൂന്നു മാസമാണ്‌ പൊതു മാപ്പിന്റെ കാലാവധി. താമസ രേഖകള്‍ ഇല്ലാത്തവരും കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതുമായ മുഴുവന്‍ വിദേശികള്‍ക്കും തടവോ പിഴയോ ഇല്ലാതെ രാജ്യം വിടാന്‍ അനുവദിക്കുന്നതാണ്‌ മൂന്ന്‌ മാസത്തെ പൊതുമാപ്പ്‌ കാലയളവ്‌.

വ്യാഴാഴ്‌ച മുതലാണ്‌ ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച്‌ ആന്‍ഡ്‌ ഫോളോ അപ്പ്‌ വകുപ്പിലാണ്‌ പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ തുടങ്ങുന്നത്‌. അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ എല്ലാ ആഴ്‌ചകളിലും ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്‌ക്ക്‌ രണ്ട്‌ മണി മുതല്‍ രാത്രി എട്ടു മണി വരെയാണ്‌ സല്‍വ റോഡിലെ സേര്‍ച്ച്‌ ആന്‍ഡ്‌ ഫോളോ അപ്പ്‌ വകുപ്പിനെ സമീപിക്കേണ്ടത്‌. ഈ മാസം 24 നാണ്‌ മൂന്നുമാസത്തെ കാലാവധിയില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌.

വകുപ്പിനെ സമീപിക്കുമ്പോള്‍ പാസ്‌പോര്‍ട്ട്‌, അതത്‌ എംബസികളില്‍ നിന്നും ലഭിച്ച ഔട്ട്‌ പാസ്‌ രേഖ ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍, രാജ്യത്തേക്ക്‌ പ്രവേശിച്ച സമയത്തെ ഓപ്പണ്‍ വിമാനടിക്കറ്റ്‌ അല്ലെങ്കില്‍ വിസ കോപ്പി എന്നിവയാണ്‌ ഹാജരാക്കേണ്ടത്‌.

മലയാളത്തിലുള്‍പ്പെടെ പതിനൊന്ന്‌ ഭാഷകളിലാണ്‌ പൊതുമാപ്പിന്റെ നോട്ടീസ്‌ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്‌. ഏകദേശം 90 ശതമാനത്തിലധികം ഏഷ്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ പൊതുമാപ്പ്‌ ഉത്തരവ്‌ ലഭ്യമായിട്ടുണ്ടെന്ന്‌ മന്ത്രാലയം വക്താവ്‌ വ്യക്തമാക്കുന്നു. കമ്പനികള്‍കും പ്രവാസികള്‍ക്കും ഉള്‍പ്പെടെ 73,000ത്തോളം ഇ-മെയിലുകളും അയച്ചിട്ടുണ്ട്‌.

സ്വദേശത്തേക്ക്‌ മടങ്ങാനുള്ള അപേക്ഷ നല്‍കി മൂന്ന്‌ ദിവസത്തിന്‌ ശേഷം അപേക്ഷകന്‌ വിമാനടിക്കറ്റും ഓഫീസില്‍ നിന്നും ലഭിക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2009 ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കാണ്‌ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നത്‌.

നിയമലംഘനത്തിന്റെ എല്ലാവിധ ശിക്ഷാനടപടികളില്‍ നിന്നും പൂര്‍ണമായും ഒഴിവായിക്കൊണ്ട്‌ ഇവര്‍ക്ക്‌ സ്വദേശത്തേക്ക്‌ മടങ്ങാം.