ഖത്തറില്‍ 1704 വണ്ടിച്ചെക്ക് കേസുകളില്‍ വിധി

Story dated:Sunday April 2nd, 2017,12 46:pm

ദോഹ: രാജ്യത്ത് 1704 വണ്ടിച്ചെക്ക് കേസുകളില്‍ വിധിയായി. അക്കൗണ്ടുകളില്‍ പണമില്ലാതെ ചെക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കേസുകളിലാണ് കഴിഞ്ഞ ദിവസം വിവിധ കോടതികള്‍ വിധി പറഞ്ഞത്. വര്‍ധിച്ചുവരുന്ന ഇത്തരം നിയമ വിരുദ്ധമായ നടപടികളില്‍ കര്‍ശനമായ നടപടികളാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്.

വണ്ടിച്ചെക്ക് കേസുകളില്‍ നിരവധി മലയാളികള്‍ പെട്ടതായാണ് റിപ്പോര്‍ട്ട്.
പണം നൽകാനുള്ള വ്യക്തികൾക്കോ കമ്പനികൾക്കോ അക്കൗണ്ടിൽ പണമില്ലാതെ ചെക്കുകൾ നൽകരുതെന്നാണ് നിയമം. ഈ നിയമം അംഗീകരിക്കാതെയാണ് പലരും ചെക്കുകൾ നൽകുന്നത്. ഇത് യാത്ര തടയുന്നതടക്കം നിയമ നടപടികൾക്ക് വിധേയമാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ഇങ്ങനെ ചെക്ക് കേസുകളിൽ കുടുങ്ങി നിരവധി ആളുകളാണ് ജയിലുകളിൽ കഴിയുന്നത്.

പുതിയ കമ്പനികള്‍ തുടങ്ങുകയും അതിനുവേണ്ടി പിന്നീട് ചെക്കുകളില്‍ കൂടി മാത്രം വ്യാപരം നടത്തുകയും ചെയ്ത് വരുന്നവര്‍. പിന്നീട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കഴിയാതെ കേസുകളില്‍ പെടുകയാണ് പതിവ്. ബാങ്കുകളില്‍ നിന്ന് വലിയ തുക ലോണടുത്താണ് തിരിച്ചടക്കാന്‍ കഴിയാതെ അറസ്റ്റ് ചെയ്യപ്പെടുന്നവരും ഏറെയാണ്.