ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളത് 160 ഇന്ത്യക്കാര്‍;നാടുകടത്തല്‍ കേന്ദ്രത്തില്‍ 83 ഇന്ത്യക്കാര്‍

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 160 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായും നാടുകടത്തില്‍ കേന്ദ്രത്തില്‍ 83 ഇന്ത്യക്കാര്‍ ഉള്ളതായും ഖത്തറിലെ ഇന്ത്യ എംബസി വ്യക്തമാക്കി. എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം സെന്‍ട്രല്‍ ജയിലും നാടുകടത്തല്‍ കേന്ദ്രവും സന്ദര്‍ശിച്ച ശേഷം ഇന്ത്യയില്‍ നിന്നുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിച്ചതായും എംബസി അറിയിച്ചു. ഖത്തറിലെ പ്രവാസികളായ ഇന്ത്യക്കാരുടെ പരാതികള്‍ പരിശോധിക്കാനും പരിഹരിക്കാനുമായി പ്രതിമാസ ഓപ്പണ്‍ ഫോറം എംബസിയില്‍ നടന്നു.

തൊഴില്‍ കരാറുകള്‍ ലംഘിക്കുന്നത് , വേതം വൈകുന്നത് തുടങ്ങിയ പരാതികള്‍ ഓപ്പണ്‍ ഫോറത്തിന്റെ പരിഗണനയില്‍ വന്നു. ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിച്ച പരാതികളില്‍ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംബസി അറിയിച്ചു.

ഈ വര്‍ഷം ഇതുവരെ ആറു ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പികയും ഇവയില്‍ 30 പരാതികള്‍ ലഭിക്കുകയും ചെയ്തു. ലഭിച്ച പരാതികളില്‍ 18 എണ്ണത്തിന് പരിഹാരമുണ്ടാക്കി. ബാക്കിയുള്ള 12 പരാതികളില്‍ എംബസി തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) പ്രസിഡന്റ് ഡേവിഡ് എടക്കളത്തൂരും ഐസിബിഎഫ് കമ്മിറ്റി അംഗങ്ങളും ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തു.