വിദേശ കറന്‍സികള്‍ യഥേഷ്ടം ലഭ്യമാക്കും; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ: അംഗീകൃത വിനിമയനിരക്കില്‍ വിദേശ കറന്‍സികള്‍ ആവശ്യത്തിനു ലഭ്യമാക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി)അറിയിച്ചു. ചില സേവനദാതാക്കള്‍ വിദേശ കറന്‍സി കൈമാറ്റത്തില്‍ ഖത്തരി റിയിലിന് അംഗീകൃതനിരക്കു നല്‍കേണ്ടതില്ലെന്ന ആലോചനയിലാണെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് ക്യുസിബി ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഔദ്യോഗിക വിനിമയ നിരക്കില്‍ രാജ്യത്തിനിന്നു പുറത്തേക്കോ പുറത്തുനിന്ന് രാജ്യത്തിനുള്ളിലേക്കോ ഉള്ള പണം കൈമാറ്റത്തിന് യാതൊരു വിധ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. വിദേശകറന്‍സി കൈമാറ്റത്തെ സംബന്ധിച്ച് ക്യുസിബി ദിവസവും അവലോകനം ചെയ്യുന്നുണ്ട്.

രാജ്യത്തെ നിക്ഷേപ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ വേണ്ടതിലധികം വിദേശ കറന്‍സി ശേഖരം ഖത്തറിനുണ്ടെന്നും ക്യുസിബി വ്യക്തമാക്കുന്നുണ്ട്.