ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ സി.ബി.എസ്.ഇ(ഐ)പാഠ്യപദ്ധതി നിര്‍ത്തലാക്കി

ദോഹ: ഖത്തറില്‍  ഇന്ത്യന്‍സ്‌കൂളുകളില്‍നിന്ന് സി.ബി.എസ്.ഇ. ഇന്റര്‍നാഷണല്‍ (ഐ) പാഠ്യപദ്ധതി നിര്‍ത്തലാക്കുകയാണെന്ന് സ്‌കൂളധികൃതര്‍ അറിയിച്ചു. അടുത്ത അധ്യയനവര്‍ഷംമുതല്‍ നിലവിലെ സി.ബി.എസ്.ഇ.(ഐ.) വിദ്യാര്‍ഥികളെ ദേശീയപാഠ്യപദ്ധതി(സി.ബി.എസ്.ഇ.)യിലേക്ക് ലയിപ്പിക്കും. ഏപ്രില്‍ മുതലാണ് അടുത്ത അധ്യയനവര്‍ഷംതുടങ്ങുന്നത്.

നിലവില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സി.ബി.എസ്.ഇ. ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതിയുള്ളത്. സി.ബി.എസ്.ഇ. സിലബസും സി.ബി.എസ്.ഇ (ഐ) സിലബസും ഈ സ്‌കൂളുകളിലുണ്ട്.

സി.ബി.എസ്.ഇ. ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം അടുത്ത അധ്യയനവര്‍ഷം മുതല്‍ സി.ബി.എസ്.ഇ. (ഐ) പാഠ്യപദ്ധതി ഉണ്ടാകില്ലെന്ന വിവരം ബിര്‍ള പബ്ലിക് സ്‌കൂള്‍ രക്ഷിതാക്കളെ അറിയിച്ചു. സ്‌കൂളുകളിലെ സി.ബി.എസ്.ഇ. (ഐ) കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിലും അടുത്ത അധ്യയന വര്‍ഷംമുതല്‍ ദേശീയ പാഠ്യപദ്ധതിയായിരിക്കും. പാഠ്യപദ്ധതിയുടെ മാറ്റത്തെക്കുറിച്ച് മറ്റ് സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും വിദ്യാര്‍ഥികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

അതേസമയം ദേശീയ പാഠ്യപദ്ധതിയിലേക്കുള്ള മാറ്റത്തില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. നേരത്തെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ ഗള്‍ഫ് നാടുകളിലെ രണ്ടായിരത്തോളം രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ ഹര്‍ജി തയ്യാറാക്കി സി.ബി.എസ്.ഇ. ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു.