ഖത്തറില്‍ ബസ് യാത്രികര്‍ വര്‍ധിക്കുന്നു

ദോഹ: രാജ്യത്ത് ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ സാങ്കേതികവകുപ്പ്. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ശ്രമഫലമായി കഴിഞ്ഞ വര്‍ഷം ബസ് യാത്രികരില്‍ ഇരുപത് ശതമാനം വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തുള്ള റൂട്ടുകളുടെ ക്രമീകരണം, ചില റൂട്ടുകളിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കല്‍, ബസിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, പൊതുഗതാഗത വിവരങ്ങള്‍ മെച്ചപ്പെടുത്തല്‍, ടിക്കറ്റിങ് തുടങ്ങിയ നടപടികളെല്ലാമാണ് ബസ് യാത്രയുടെ വര്‍ധനയ്ക്ക് കാരണം. നിലവിലെ ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നത് തുടരും.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, വെസ്റ്റ് ബേ ഷട്ടില്‍ സര്‍വീസ് മാറ്റം, വ്യവസായമേഖലയ്ക്കും അല്‍ ഗാനിം സ്റ്റേഷനുമിടയിലുള്ള സര്‍വീസ് മെച്ചപ്പെടുത്തല്‍, പേള്‍, ലഗൂണ മാള്‍ എന്നിവിടങ്ങളിലേക്കുള്ള പുതിയ സര്‍വീസുകള്‍ ഇവയെല്ലാം ഈവര്‍ഷം ഉണ്ടാകും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പൊതുഗതാഗത മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികളും പഠനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്.