വ്യാജ ഉത്പന്നങ്ങളുടെ ഉപയോഗം;ഖത്തറില്‍ ബ്യൂട്ടി സലൂണുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കര്‍ശന പരിശോധന

ദോഹ: രാജ്യത്തെ ബ്യൂട്ടി സലൂണുകളിലും ബാബര്‍ ഷോപ്പുകളിലും സാമ്പത്തിക വാണിജ്യമന്ത്രാലയം പരിശോധന കര്‍ശനമാക്കി. സലൂണുകളില്‍ വ്യാജ ഉത്പന്നം ഉപയോഗിക്കുന്നുണ്ടെന്ന പരാതികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. ഉപഭോക്തൃ സംരക്ഷണനിയമം സംബന്ധിച്ച 2008-ലെ എട്ടാം നമ്പര്‍ നിയമ പ്രകാരം ഇത്തരം ഉത്പന്നങ്ങള്‍ നിരോധിച്ചതായി സലൂണ്‍ മാനേജര്‍മാര്‍ക്ക് മന്ത്രാലയം സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവും പ്രമോഷനും നിരോധിച്ചുകൊണ്ടുള്ള നിയമത്തിലെ ആറാംവകുപ്പ് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് ബാര്‍ബര്‍ഷോപ്പുകള്‍ക്കും ബ്യൂട്ടി സലൂണുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹെയര്‍ ഡിസൈനുകളിലും ത്വക്‌സംരക്ഷണ ഉത്പന്നങ്ങളിലും തെറ്റിദ്ധരിക്കപ്പെടുന്ന ലേബലുകള്‍ പ്രദര്‍ശിപ്പിക്കുന്നതും നിയമലംഘനത്തില്‍പ്പെടുന്നു. ഉത്പന്നത്തിന്റെ സ്വഭാവം, ഘടന, ചേരുവകള്‍, ഉപയോഗിക്കുന്നതിന്റെ ഫലം എന്നിവയെല്ലാം കൃത്യമായി ഉത്പന്നത്തിന്റെ ലേബലില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. കാലാവധി കഴിഞ്ഞ അല്ലെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അപകടസാധ്യതയുണ്ടാക്കുന്നവയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നിയമലംഘനം നടത്തുന്ന സലൂണുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യത്തിന് വഴിതെളിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഗുണനിലവാരം കുറഞ്ഞതും കാലാവധി കഴിഞ്ഞതും വ്യാജവുമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ബ്യൂട്ടി സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും ഉപയോഗിക്കുന്നതായിട്ടുള്ള പരാതികളുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍ നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.