ഖത്തറില്‍ ബിബിസി സംഘത്തെ അറസ്‌റ്റ്‌ ചെയതത്‌ നിയമം ലംഘിച്ചതിന്‌; അധികൃതര്‍

qatarദോഹ: ഖത്തറിലെ നിയമം ലംഘിച്ചതിനാണ് ബി ബി സി റിപ്പോര്‍ട്ടറേയും സംഘത്തേയും അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചതായി ദി പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘനം നടത്തി സ്വയം ‘വാര്‍ത്ത’യായതാണ് ബി ബി സി റിപ്പോര്‍ട്ടര്‍ മാര്‍ക്ക് ലോബലിനേയും സംഘത്തേയും അറസ്റ്റ് ചെയ്തതിന് കാരണമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫിസ് തലവന്‍ ശൈഖ് സൈഫ് അല്‍ താനി അറിയിച്ചു. ഖത്തറില്‍ ബി ബി സി ലേഖകന്‍ അറസ്റ്റിലായെന്ന വാര്‍ത്ത ലോകമാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു വിശദീകരണം.
തൊഴില്‍- സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം ഖത്തറിലെത്തിയ മാധ്യമ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ദുബൈയില്‍ നിന്നുള്ള ബി ബി സി ലേഖകനായ ലോബല്‍. ഖത്തറിലെ തൊഴിലാളി താമസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ലോബലും സംഘവും അനുമതിയില്ലാതെ ഫോട്ടോയെടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഖത്തരി നിയമം ലംഘിച്ചതിന് ലോബലിനേയും സംഘത്തേയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ സ്ഥലത്തേക്ക് അതിക്രമിച്ച് കടന്നതിനായിരുന്നു അറസ്റ്റ്. ലോകത്തിലെ ഏത് അന്താരാഷ്ട്ര പത്രപ്രവര്‍ത്തകനേയും മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകരേയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതായും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോട്ടോയെടുക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ പ്രവര്‍ത്തിച്ചതിന് മാര്‍ച്ച് മാസത്തില്‍ ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഫ്‌ളോറിയന്‍ ബഉറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖത്തറിലെത്തുന്ന പത്രപ്രവര്‍ത്തകര്‍ ഇവിടുത്തെ നിയമം അറിഞ്ഞിരിക്കണമെന്നും നിയമലംഘനം നടത്തരുതെന്നും ശര്‍ഖ് അറിയിച്ചു. ഖത്തറിലെ സ്ഥലങ്ങള്‍ ഫോട്ടോ എടുക്കുന്നതിന് മുമ്പ് ആവശ്യമായ കേന്ദ്രങ്ങളില്‍ നിന്നും അനുമതി വാങ്ങിയിരിക്കണം. ഖത്തറിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുയാണെന്നും ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെന്നും പറഞ്ഞ തൊഴില്‍- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സാലെ മുബാറക്ക് അല്‍ ഖുലൈഫിയുടെ വാക്കുകള്‍ അല്‍ ശര്‍ഖ് എടുത്തുപറഞ്ഞു.