ഖത്തറിലെ ബാങ്കില്‍ നിന്ന്‌ വിവരങ്ങള്‍ ചോര്‍ന്നു;നാഷണല്‍ ബാങ്ക്‌ അന്വേഷണം ആരംഭിച്ചു

Untitled-1 copyദോഹ: ഖത്തറിലെ പ്രമുഖ ബാങ്കില്‍ നിന്ന്‌ വിവരങ്ങള്‍ ചോരുകയും ഷെയറിങ്‌ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌ത സംഭവത്തില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക്‌ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്‌. അക്കൗണ്ട്‌ ഉടമകളോടെല്ലാം തന്നെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഉടന്‍തന്നെ നിലവിലെ ബാങ്ക്‌ പാസ്വേര്‍ഡും പിന്‍നമ്പറും മാറ്റാനും പുതിയ കാര്‍ഡിന്‌ അപേക്ഷ നല്‍കാനും സൈബര്‍ സുരക്ഷ വിദഗ്‌ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നാല്‌ ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങളാണ്‌ ഷെയര്‍ ചെയ്യപ്പെട്ടതെന്നാണ്‌ സൈബര്‍ സുരക്ഷാ വിദഗ്‌ധരെ ഉദ്ധരിച്ചുകൊണ്ട്‌ പ്രാദേശിക ന്യൂസ്‌ പോര്‍ട്ടലായ ദോഹ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. രാജ്യത്തുണ്ടായിരിക്കുന്ന ഏറ്റവും വലിയ വിവരങ്ങള്‍ ചോരലാണിതെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച്‌ ബാങ്ക്‌ അന്വേഷണം നടത്തുകയാണെന്നും ഉപഭോക്താക്കള്‍ക്ക്‌ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നും ഖത്തര്‍ നാഷണല്‍ ബാങ്ക്‌ അധികൃതര്‍ വിശദീകരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

ഖത്തറിലെ പ്രമുഖ ബാങ്കില്‍ നിന്നും ചോര്‍ന്ന ഉപഭോക്താക്കളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, പാസ്വേര്‍ഡുകള്‍, മറ്റു നിര്‍ണായക വിവരങ്ങള്‍ തുടങ്ങിയവ ഒരു ഫയല്‍ ഷെയറിങ്‌ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതായാണ്‌ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. ഖത്തര്‍ സീക്രട്ട്‌ സര്‍വീസ്‌ ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസ്‌, സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റ്‌ ലോക്കല്‍ ബാങ്കിലെ ജീവനക്കാര്‍ എന്നിവരുടെയും വിവരങ്ങള്‍ ഷെയര്‍ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

അതെസമയം 1.4 ജിബി വരുന്ന ഡാറ്റ ആരാണ്‌ ചോര്‍ത്തിയതെന്ന്‌ വ്യക്തമല്ല. അല്‍ജസീറ, ഡിഫന്‍സ്‌, സ്‌പൈ ഇന്റലിജന്‍സ, മുഖാബറാത്ത്‌(ഖത്തര്‍ ഇന്റലിജന്‍സ്‌ സര്‍വീസ്‌) തുടങ്ങി വിവിധ പേരുകളിലുള്ള ഫോള്‍ഡറുകളിലായാണ്‌ വിവരങ്ങളുള്ളതെന്നാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌.

അതെസമയം ബാങ്കിന്റെ വിവരങ്ങള്‍ ചോര്‍ന്നെന്ന്‌ സമൂഹമാധ്യമങ്ങളിലൂടെ ്‌പ്രചരിപ്പിക്കുന്ന കാര്യങ്ങളോട്‌ തങ്ങള്‍ പ്രതികരിക്കാനില്ലെന്നും ബാങ്കിന്റെ ഉപഭോക്താക്കളെ ബാധിക്കുന്ന കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ തങ്ങള്‍ ഉറപ്പു നല്‍കുന്നതായും ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്‌റ്റ്‌ ചെയ്‌ത പ്രസ്‌താവനയില്‍ പറയുന്നു.