ഖത്തറില്‍ ബനി ഹാജറിലെ അടിപ്പാത തുറന്നു

ദോഹ: ബനി ഹാജര്‍ അടിപ്പാത തുറന്നു. ഖലീഫ അവന്യു പ്രോജക്ടിന്റെ ഭാഗമായാണ് അടിപ്പാത നിര്‍മ്മിച്ചത്. അല്‍ റായ്യാന്‍, ബനി ഹാജര്‍, ദോഹ, ദുഖാന്‍ ഭാഗങ്ങളിലേക്കുള്ള ഗതാഗതം ഏറെ എളുപ്പമാക്കാനാണ് ഈ അടിപ്പാത നിര്‍മ്മിച്ചത്. മണിക്കൂറില്‍ നാലായിരം പേര്‍ക്ക് യാതൊരു തടസവുമില്ലാതെ ഇതുവഴി കടന്നുപോകാവുന്നതാണ്.

362 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇരുവശങ്ങളിലും രണ്ടുവരി ഗതാഗതം സാധ്യമാക്കുന്ന അടിപ്പാത അല്‍ ഷഹാമ സ്ട്രീറ്റിലെ ബനി ഹാജറില്‍വെച്ച് അല്‍ റയ്യാന്‍ അല്‍ മജീദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നു. അടിപ്പാതയോടനുബന്ധിച്ച് അഴുക്കുചാല്‍, വൈദ്യുതി വിളക്കുകള്‍, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പുതിയ അടിപ്പാത തുറന്നത് ദോഹയില്‍ നിന്നും ദുഖാനില്‍ നിന്നുമുള്ളവര്‍ക്ക് അല്‍ റയ്യാനിലൂടെ സുഗമമായ ഗതാഗതം സാധ്യമതായി അഷ്ഗാല്‍ അടിസ്ഥാന സൗകര്യവികസന വിഭാഗം ഡയറക്ടര്‍ മുഹമ്മദ് മസൂദ് അല്‍മാരി, പൊതുഗതാഗത ഡയറക്ടറേറ്റ് പട്രോള്‍ ക്യാപ്റ്റന്‍ നാസര്‍ ഗാലിബ് അല്‍ദോസരി എന്നിവര്‍ പറഞ്ഞു.

അടിപ്പാത തുറന്നതോടെ ബനി ഹാജറില്‍ നിന്നു റയ്യാനിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് ഉണ്ടായിരുന്ന യു ടേണ്‍ ഒഴിവായി.