വിപണിയില്‍ എച്ച്.ഐ.വി കുത്തിവെച്ച ഏത്തപ്പഴം;പരക്കുന്നത് വ്യാജവാര്‍ത്ത;ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: രാജ്യത്തെ വിപണിയില്‍ ഏത്തപ്പഴങ്ങളില്‍ എച്ച് ഐ വി കുത്തിവെച്ച് വില്‍പ്പന നടത്തുന്നുവെന്ന വാര്‍ത്ത പൊതുജനാരോഗ്യ മന്ത്രാലയം നിരസിച്ചു. എച്ച് ഐ വി ബാധിതരുടെ രക്തം കുത്തിവെച്ച ഏത്തപ്പഴങ്ങളാണ് വിപണിയിലുള്ളതെന്ന വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചുകെണ്ടിരിക്കുന്നത്. ഉള്ളില്‍ ചുവപ്പ് നിറമുള്ള ഏത്തപ്പഴം കഴിക്കരുതെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

വാര്‍ത്ത വൈറലായതോടെ ആരോഗ്യ വകുപ്പ് വിദഗ്ധര്‍ ഏത്തപ്പഴങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. ഏത്തപ്പഴത്തിനുള്ളിലെ ചുവപ്പിന് കാരണം ധാതുക്കളുടെ കുറവോ അണുബാധയോ ആണെന്ന് മന്ത്രാലയം തുടര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് മനുഷ്യര്‍ക്ക് യാതൊരുതരത്തിലുള്ള ദോഷവും വരുത്തുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. അതെസമയം ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ വാര്‍ത്ത രണ്ട് വര്‍ഷം മുന്‍പ് പ്രചരിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ പരക്കുന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം മനസിലാക്കാതെ മറ്റുള്ളവര്‍ക്ക് കൈമാറരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ ഏതുതരത്തിലുള്ള സംശയങ്ങളും മന്ത്രാലയത്തില്‍ നിന്ന് പെതുജനങ്ങള്‍ക്ക് അന്വേഷിക്കാമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതെസമയം ഭക്ഷണത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് ഇതുവരെ തെളിയിച്ചിട്ടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.