നോമ്പുതുറക്കാന്‍ യാത്രക്കാര്‍ക്ക്‌ ഖത്തര്‍ എയര്‍വെയ്‌സ്‌ ഇഫ്‌ത്താര്‍ പാക്കറ്റുകള്‍ നല്‍കും

crew-img9-357x180ദോഹ: നോമ്പുകാരായ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ പ്രത്യേക ഇഫ്താര്‍ പാക്കറ്റുകള്‍ നല്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. റമദാനില്‍ പ്രത്യേക ഇഫ്താര്‍ പാക്കറ്റുകള്‍ നല്കുന്ന പതിവ് നേരത്തെ തന്നെ ഖത്തര്‍ എയര്‍വെയ്‌സിനുണ്ട്.
ദോഹയില്‍ നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളിലേക്കും പറക്കുന്ന വിമാനങ്ങളിലാണ് ഇഫ്താര്‍ പാക്കറ്റുകള്‍ നല്കുക. ഹമ്മൂസ്, സോസില്‍ മുക്കി കഴിക്കാവുന്ന പച്ചക്കറിക്കഷണങ്ങള്‍, പച്ചക്കറി സാന്റ്‌വിച്ച്, മിക്‌സ്ഡ് ഫ്രൂട്ട്, നട്ട്‌സ്, വെള്ളം, ലബാന്‍, ഈത്തപ്പഴം, അറബിക്ക് സ്വീറ്റ്‌സ് എന്നിവയാണ് ഇഫ്താര്‍ പാക്കറ്റിലുണ്ടാവുക.
പ്രീമിയം ക്ലാസില്‍ ഒരു ചിക്കന്‍ ഷവര്‍മയും പച്ചക്കറി സാജ് ബ്രഡ്, പഴം എന്നിവയും ഉള്‍പ്പെടും.
അബൂദാബി, ബഹറൈന്‍, ദമ്മാം, ദുബൈ, അല്‍ ഗാസിം, ഹഫൂഫ്, കുവൈത്ത്, മസ്‌ക്കത്ത്, റിയാദ്, ഷാര്‍ജ, ഷിറാസ്, മദീന, ജിദ്ദ, നജഫ്, അലക്‌സാന്‍ഡ്രിയ, അമ്മാന്‍, കെയ്‌റോ, സലാല, ലക്‌സര്‍, ഖാര്‍തും, മശ്ഹാദ്, താഇഫ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലാണ് ഇഫ്താര്‍ പാക്കറ്റുകള്‍ നല്കുക.