ഖത്തര്‍ എയര്‍വെയ്‌സ് നാഗ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ചു

downloadദോഹ: ഖത്തര്‍ എയര്‍വെയ്‌സ് നാഗ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ചു. ഇതോടെ ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന് പ്രതിവാരം 102 സര്‍വീസുകളായി വര്‍ധിച്ചു.
മഹാരാഷ്ട്ര സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരമായ നാഗ്പൂര്‍ വ്യാപാര വ്യവസായ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്മാര്‍ട്ട് വ്യവസായ കേന്ദ്രങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നാഗ്പൂരില്‍ പ്രത്യേക സാമ്പത്തിക മേഖലയുണ്ട്. അന്താരാഷ്ട്ര കാര്‍ഗോ ഹബ്ബും പുതിയ വിമാനത്താവളവും ഇവിടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ദോഹയ്ക്കും നാഗ്പൂരിനുമിടയില്‍ എ 320 വിമാനമാണ് പറക്കുക. ഏകദേശം നാല് മണിക്കൂറാണ് പറക്കല്‍ സമയം. ബിസിനസ് ക്ലാസില്‍ 12ഉം എക്കണമിയില്‍ 132 സീറ്റുകളുമായി 144 സീറ്റ് വിമാനമാണ് സര്‍വീസ് നടത്തുന്നത്.
ഇന്ത്യയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ പതിമൂന്നാമത് നഗരമായി നാഗ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമമേഖലയിലെ ആവശ്യം വര്‍ധിക്കുന്നതാണ് പുതിയ സര്‍വീസ് തുടങ്ങാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി നൂറ്റന്‍പതിലേറെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകിട്ട് 7.55ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15നാണ് നാഗ്പൂരിലെത്തുക. പുലര്‍ച്ചെ 3.45ന് നാഗ്പൂരില്‍ നിന്നും പുറപ്പെട്ട് രാവിലെ 5.55ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരികെയെത്തും.