സമ്മാനതട്ടിപ്പില്‍ കുടുങ്ങരുത്; ഖത്തര്‍ എയര്‍വേസ്

ദോഹ:രാജ്യത്ത് ഖത്തര്‍ എയര്‍വേസ് ചിലമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്നു എന്ന വാര്‍ത്ത തെറ്റെന്ന് ഖത്തര്‍ എയര്‍വേസിന്റെ മുന്നറിയിപ്പ്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേസിന്റെ യാത്രാടിക്കറ്റ് സമ്മാനമായി ലഭിക്കുമെന്ന തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നവരുടെ ലക്ഷ്യം വ്യക്തിപരമായ വിവരങ്ങള്‍ കൈക്കലാക്കുക എന്നുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ എയര്‍വേസ് ഏതെങ്കിലും തരത്തിലുള്ള മത്സരങ്ങളും ഓഫറുകളും നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സാമൂഹിക അക്കൗണ്ടുകളിലൂടെയും മാത്രമായിരിക്കും. അതുകൊണ്ടുതന്നെ മറ്റൊരു തരത്തിലുള്ള തട്ടിപ്പുകളിലും വീഴരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തെ കുറിച്ച് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

സമ്മാം ലഭിക്കാന്‍ ചില ലിങ്കുകള്‍ ഫെയ്‌സ്ബുക്കിലൂടെയും മറ്റും ഷെയര്‍ ചെയ്യണം എന്നാണ് പ്രചരിച്ചിരുന്നത്. ഉപയോക്താക്കളെ കൊണ്ട് ഖത്തര്‍ എയര്‍വേസിന്റെ ഫ്രീ ടിക്കറ്റ് സമ്മാനം ലഭിക്കാന്‍ ഈ വ്യാജ ലിങ്ക് ഷെയര്‍ ചെയ്യിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇവ ഷെയര്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും വൈറസ് ആക്രമണത്തിന് ഇടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.