ഭര്‍ത്താവിന്റെ രഹസ്യ ബന്ധം: ഖത്തര്‍ വിമാനം വേദിയായത് നാടകീയ രംഗങ്ങള്‍ക്ക്

ഭര്‍ത്താവിന്റെ രഹസ്യ ബന്ധം കണ്ടെത്തിയ ഭാര്യ വിമാനത്തില്‍ പൊട്ടിത്തെറിച്ച് ആകെ അലങ്കോലമാക്കി. ഖത്തര്‍ എയര്‍വേഴ്‌സിന്റെ ദോഹ ബാലി വിമാനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഇറാനിയന്‍ ദമ്പതികള്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുകയായിരുന്നു.

വിമാനത്തില്‍ ഭര്‍ത്താവ് ഉറങ്ങിയ സമയത്ത് അദേഹത്തിന്റെ വിരലുകള്‍ ഉപയോഗിച്ച് ഫോണിന്റെ ഫിംഗര്‍പ്രിന്റ് ലോക്ക് തുറന്ന് ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഭര്‍ത്താവിന്റെ രഹസ്യ ബന്ധത്തെ കുറിച്ച് കണ്ടെത്തിയത്. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
കലിയിളകിയ ഭാര്യ സീറ്റില്‍ നിന്ന് എഴുനേറ്റ് ഉച്ചത്തില്‍ തട്ടിക്കയറി ബഹളം വെക്കാന്‍ തുടങ്ങി. ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് മാരോടും സഹയാത്രികരോടും ഇവര്‍ മോശമായി പെരുമാറി. നേരത്തെ കഴിച്ച മദ്യത്തിന്റെ ലഹരിയില്‍ ഇവര്‍ അക്രമാസക്തയാവുകയായിരുന്നത്രെ.

ഇതോടെ ഖത്തര്‍ എയര്‍വേയ്‌സ് പൈലറ്റ് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഭാര്യയെയും ഭര്‍ത്താവിനെയും ഇവരുടെ കുഞ്ഞിനെയും ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കി വിമാനം ബാലിയിലേക്ക് പുറപ്പെട്ടു. പിന്നീട് ഏറെ നേരം ചെന്നൈ വിമാനത്താവള ലോഞ്ചില്‍ ബഹളം തുടര്‍ന്നെങ്കിലും പിന്നീട് ഇവര്‍ ശാന്തയാവുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോലാലമ്പൂര്‍ വിമാത്തില്‍ കയറ്റിവിട്ടു. അവിടെ നിന്ന് ഇവര്‍ ഖത്തറിലേക്ക് പോകുമെന്ന് അധികൃതര്‍ അറിയിച്ചു.