വ്യോമഉപരോധം നിയമവിരുദ്ധം; ഖത്തര്‍ എയര്‍വേയ്‌സ്

Story dated:Tuesday June 13th, 2017,01 01:pm

ദോഹ: അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ചുമത്തിയിരിക്കുന്ന വ്യോമ ഉപരോധം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഖത്തര്‍. ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സിയോട് ഖത്തര്‍ എയര്‍വേയ്‌സ് ഇക്കാര്യം വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സിന് വിലക്കേര്‍പ്പെടുത്തിയത്. വ്യോമ ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് പ്രഖ്യാപിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ വ്യോമയാന ഏജന്‍സിയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനോടാണ് (ഐസിഎഒ) അല്‍ ബേക്കല്‍ ആഹ്വാനം നടത്തിയിരിക്കുന്നത്.

വിലക്കിനെ തുടര്‍ന്ന് പതിനെട്ട് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. സൗദി അറേബ്യയും യുഎഇയും ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഫീസുകള്‍ അടപ്പിച്ചതിനെതിരെയും അദേഹം ശക്തമായ വിമര്‍ശനം നടത്തി. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുകപോലും തിരിച്ചു നല്‍കാന്‍ അനുവദിക്കാതെ കുറ്റവാളികളുടെ ഓഫീസ് എന്ന തരത്തിലായിരുന്നു സൗദിയും യുഎഇയും ഓഫീസ് സീല്‍ ചെയ്തതെന്നും അലേബക്കര്‍ പറഞ്ഞു.