ഖത്തറില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാന സര്‍വീസുകളുടെ സമയത്തില്‍ മാറ്റം

air indiaദോഹ: ഖത്തറില്‍ നിന്നും പുറപ്പെടുന്ന എയര്‍ഇന്ത്യ എക്‌സ്‌പ്രസ് വിമാന സര്‍വീസുകളുടെ സമയം മാറ്റുന്നു. കൊച്ചി, കോഴിക്കോട് സര്‍വീസുകളുടെ സമയങ്ങളിലാണ് ജൂലൈ ഒന്നു മുതല്‍ മാറ്റം വരുത്തുന്നത്. നിലവില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനങ്ങള്‍ ഖത്തര്‍ സമയം രാത്രി 8.30നായിരുന്നു പുറപ്പെട്ടിരുന്നത്. എന്നാല്‍ ജൂലായ് ഒന്നു മുതല്‍ രാത്രി 7.25 നാണ് വിമാനം ദോഹയില്‍ നിന്നും യാത്ര തിരിക്കുക. 45 മിനുട്ട് നേരത്തെ പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.15നു കൊച്ചിയിലും പുലര്‍ച്ചെ അഞ്ചു മണിക്കു കോഴിക്കോട്ടുമെത്തും.
ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഖത്തറില്‍ നിന്നും കോഴിക്കോടേക്ക് രാവിലെ പുറപ്പെടുന്ന എയര്‍ഇന്ത്യ സര്‍വീസുകളുടെ സമയത്തില്‍ മാറ്റമുണ്ടാവില്ല. നിലവിലുള്ളതുപോലെ ഖത്തര്‍ സമയം രാവിലെ 10.30ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകുന്നേരം 5.20ന് ഈ വിമാനങ്ങള്‍ കോഴിക്കോടെത്തും.
വേനലവധിക്കായി സ്‌കൂളുകള്‍ അടച്ചതോടെ ഇന്നലെ മുതല്‍ മലയാളി കുടുംബങ്ങള്‍ നാട്ടിലേക്ക് യാത്രയായി തുടങ്ങി. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ ആഭ്യന്തര മന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്ര പുറപ്പെടുന്നതിനു മുമ്പ് പാസ്‌പോര്‍ട്ട്, വിസ, വിമാന ടിക്കറ്റ്, എക്‌സിറ്റ് പെര്‍മിറ്റ് എന്നിവ പരിശോധിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. താമസാനുമതിയുള്ള വിദേശികള്‍ അവധി കഴിഞ്ഞു മടങ്ങിയെത്തും വരെ താമസരേഖയ്ക്ക് കാലാവധിയുണ്ടെന്നു ഉറപ്പുവരുത്തണം. പുതിയ സ്മാര്‍ട്ട് ഐ ഡി കാര്‍ഡ് കയ്യിലുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. യാത്രാ സമയത്തിന്റെ നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.