ഖത്തറിനെതിരെ പരസ്യം ചെയ്യാന്‍ സൗദി ചിലവിട്ടത് 1,38,000 ഡോളര്‍

ദോഹ: ഖത്തറിനെതിരായ പരസ്യപ്രചരണത്തിന് വേണ്ടി അമേരിക്കയിലെ സൗദി സഖ്യം മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യസ്‌പോട്ടുകള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് കമ്മിറ്റി(എസ്.എ.പി.ആര്‍.എ.സി)യാണ് പരസ്യ സ്‌പോട്ടുകള്‍ വാങ്ങിയത്.

വാഷിങ്ടണ്‍ ഡിസിയിലെ എന്‍.ബി.സി ഫോര്‍ ചാനലില്‍ ജൂലായ് 23 മുതലാണ് പരസ്യം പ്രക്ഷേപണം ആരംഭിച്ചത്. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഉന്നത രാഷ്ട്രീയ നേതാക്കളുടെ അഭിമുഖപരിപാടിയായ ചാനലിലെ വാരാന്ത്യ പരിപാടിയായ ചുക്ക് ടോഡിനിടെയാണ് നാല് പരസ്യം പ്രത്യക്ഷപ്പെട്ടത്. സെക്കന്റിന് ആയിരം ഡോളര്‍ നിരക്കിലാണ് പരസ്യത്തിന് തുക ഈടാക്കിയിരിക്കുന്നത്.

മറ്റ് പരസ്യങ്ങള്‍ വന്നത് ബ്രിട്ടീഷ് ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്റിനിടയിലാണ്. ഇതില്‍ ആറായിരം ഡോളറാണ് ഒരു സെക്കന്‍ഡിന് മാത്രം ഈടാക്കിയത്. രാഷ്ട്രീയക്കാരായ പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് ഈ പരസ്യങ്ങള്‍ പ്രക്ഷേപണം നടത്തിയതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ മാസം ജൂണ്‍ അഞ്ച് മുതലാണ് ഖത്തറിനെതിരെ സൗദിസഖ്യം ഉപരോധം ഏര്‍പ്പെടുത്തിയത്.