Section

malabari-logo-mobile

അഞ്ച്‌ ഫിലിപൈനികളുടെ മരണത്തിനിടയാക്കിയ അപകടം;വഹാനമോടിച്ച ഖത്തിറി യുവാവിന്‌ ലൈസന്‍സില്ല

HIGHLIGHTS : Investigations into a road accident in which five Filipinos died near Hamad International Airport on October 6 reveal that the Qatari who caused th...

accident in qatarദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഞ്ച് ഫിലിപ്പൈന്‍ സ്വദേശികള്‍ മരിക്കാനിടയാക്കിയ അപകടത്തില്‍ വാഹനമോടിച്ച ഖത്തരി സ്വദേശിക്ക് ഡ്രൈവിംഗ് ലൈസന്‍സോ കാറിന് ഇന്‍ഷൂറന്‍സോ ഇല്ലെന്ന് റിപ്പോര്‍ട്ട്. പതിനെട്ടുകാരനായ ഖത്തരി യുവാവാണ് ബലി പെരുന്നാള്‍ പിറ്റേന്ന് വാഹനാപകടത്തിന് കാരണമായ കാര്‍ ഓടിച്ചത്.
അപകടം വരുത്തിയ വാഹനം അമിത വേഗതയിലായിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയതായി ഫിലിപ്പൈനി അംബാസഡര്‍ക്ക് ട്രാഫിക്ക് വിഭാഗം റിപ്പോര്‍ട്ട് നല്കിയതായി പ്രാദേശിക പത്രം അറിയിച്ചു. അപകടം വരുത്തിവെച്ച യുവാവിന്റെ ലാന്റ് ക്രൂയിസര്‍ കോര്‍ണിഷ്- അല്‍ വക്‌റ ഹൈവേയ്ക്കരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഫിലിപ്പൈനി കുടുംബം സഞ്ചരിച്ച നിസ്സാന്‍ പാത്ത്‌ഫൈന്ററില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിസ്സാന്‍ കത്തുകയും വാഹനത്തിലുണ്ടായിരുന്നവര്‍ മരിക്കുകയുമായിരുന്നു.
വന്‍ ദുരന്തത്തിലേക്ക് കലാശിച്ച അപകടത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഖത്തറിലെ റോഡ് സുരക്ഷയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. മോശം ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നിരുന്നു.
അപകടത്തിന് രണ്ട് മാസം മുമ്പുതന്നെ അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് കാലാവധി അവസാനിച്ചതായും ഫിലിപ്പൈന്‍സ് അംബാസഡര്‍ ക്രസന്റെ റിലാസിയന്‍ ചൂണ്ടിക്കാട്ടുന്നു. ആഗസ്ത് ആറാം തിയ്യതി ലാന്റ് ക്രൂയിസറിന്റെ ഇന്‍ഷൂറന്‍സ് അവസാനിച്ചിരുന്നു. ഒക്ടോബര്‍ ആറിനാണ് അപകടമുണ്ടായത്. മാത്രമല്ല, അപകടമുണ്ടാക്കിയ ലാന്റ് ക്രൂയിസറിന്റെ പേരില്‍ 2013 ആഗസ്ത് 22നും 2014 സെപ്തംബര്‍ 26നുമിടയിലെ 13 മാസത്തിനകം 44 ഗതാഗത നിയമലംഘനങ്ങളും ചുമത്തപ്പെട്ടതായി അംബാസഡര്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തില്‍ ബെന്‍ക്രിസ് റിവേറ (36), ഭാര്യ ജോസിലിന്‍ ടോറസ് റിവേറ (38), ഇവരുടെ ഒരു വയസ്സുകാരനായ മകന്‍ ആര്‍ക്ലിയന്‍ സിര്‍ക് ടോറസ് റിവേറ എന്നിവരും ബെന്‍ക്രിസിന്റെ സഹോദരിയുടെ സുഹൃത്തുക്കളും സഊദി അറേബ്യയില്‍ ജോലി ചെയ്യുന്നവരുമായ മരിലോ കാള്‍ (24), ജോയ്‌സ് ഗെല്ലി (27) എന്നിവരുമാണ് മരിച്ചത്. ബെന്‍ക്രിസ് റിവേറയുടെ സഹോദരി സുസെറ്റ് റിവേറ ബാക്‌ലര്‍ ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീഴുകയും പരുക്കുകളോടെ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
ബലി പെരുന്നാള്‍ അവധി പ്രമാണിച്ച് ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയവരായിരുന്നു മരിച്ച രണ്ടുപേര്‍. ദോഹയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഹൈവേയിലെ പാര്‍ക്കിംഗില്‍ കുറച്ചു സമയം വാഹനം നിര്‍ത്തിയിട്ട് പുതിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നോക്കിയതിന് ശേഷം കാറിലേക്ക് കയറിയപ്പോഴാണ് പിറകില്‍ നിന്നും ലാന്റ് ക്രൂയിസര്‍ ഇടിച്ച് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ പാത്ത് ഫൈന്റര്‍ 104 മീറ്റര്‍ അകലേക്ക് തെറിച്ചു പോയതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് വാഹനം കത്തുകയായിരുന്നു.
അഞ്ച് ഫിലിപ്പൈന്‍ സ്വദേശികളും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയതായി ഫിലിപ്പൈന്‍ അംബാസഡര്‍ അറിയിച്ചു. ബെന്‍ക്രിസിന്റെ അമേരിക്കയിലുള്ള ഒരു ബന്ധുവും ഫിലിപ്പൈന്‍സില്‍ നിന്നും ജോസിലിന്റെ രണ്ടു ബന്ധുക്കളും അനന്തര നടപടികള്‍ക്കും ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ക്കുമായി ഖത്തറിലെത്തിയിരുന്നതായും പ്രദാശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കേസിന്റെ നടത്തിപ്പിനായി ഫിലിപ്പൈന്‍ എംബസി ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തിയതായും അംബാസഡര്‍ അറിയിച്ചു. ഖത്തര്‍ നിയമപ്രകാരം രണ്ട് ലക്ഷം റിയാല്‍ വീതം ഓരോരുത്തരുടേയും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. റോഡ് സുരക്ഷാ കാംപയിന്‍ സംഘടിപ്പിക്കണമെന്ന് ഫിലിപ്പൈനി അംബാസഡര്‍ ആവശ്യപ്പെട്ടു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!