ഖത്തറില്‍ ഊര്‍ജ്ജ മേഖലയില്‍ പ്രതിന്ധി; പ്രവാസികള്‍ക്ക്‌ ജോലി നഷ്ടമാകുന്നു

images (3)ദോഹ: ഊര്‍ജ്ജ മേഖലയില്‍ തുടരുന്ന പ്രതിസന്ധി നിരവധി പ്രവാസികളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കി. എണ്ണവില താഴേക്ക് പോയതാണ് നിരവധി ഊര്‍ജ്ജ കമ്പനികള്‍ക്ക് ജീവനക്കാരെ കുറക്കാന്‍ പ്രേരണയായത്.
മികച്ച ജോലി നഷ്ടമായ നിരവധി പേര്‍ പുതിയ തൊഴില്‍ തേടിപ്പിടിക്കാനുള്ള ശ്രമങ്ങളിലാണ്. പലരും വിവിധ എംബസികളോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ എംബസികള്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണുള്ളത്. ഓരോ കമ്മ്യൂണിറ്റികളും തങ്ങളുടെ കൂടെയുള്ളവരെ പരമാവധി സഹായിക്കുകയെന്ന നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് ബാങ്ക് ലോണുകള്‍ ഉള്‍പ്പെടെയുള്ളവ തിരിച്ചടക്കാതെ പോകാനാവാത്ത അവസ്ഥയാണുള്ളത്. കുടുംബ സമേതം ഖത്തറില്‍ താമസിക്കുന്ന പ്രവാസികളില്‍ പലരുടേയും കുട്ടികളുടെ വിദ്യാഭ്യാസവും പ്രശ്‌നമായിട്ടുണ്ട്. ഊര്‍ജ്ജ മേഖലയിലെ പ്രതിസന്ധി കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ഭീതിയുണ്ടാക്കിയിരുന്നെങ്കിലും തൊഴില്‍ നഷ്ടം പലരേയും ഞെട്ടിച്ചിട്ടുണ്ട്.
ഇന്ത്യ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, വിവിധ അറബ് രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരാണ് ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിപക്ഷവും.