പുതുവൈപ്പ് എല്‍പിജി സംഭരണിക്കെതിരായ സമരം താല്‍കാലികമായി നിര്‍ത്തിവെച്ചു

കൊച്ചി: പുതുവൈപ്പ് ഐഒസിയുടെ എല്‍പിജി സംഭരണിക്കെതിരെ നടത്തിവന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനമെടുത്തത്.

സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചനടത്തും. അതുവരെ എല്‍പിജി സംഭരണിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാമെന്ന് മന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില് എല്പിജി സംഭരണി സ്ഥാപിക്കുന്നതിനെതിരെ നാല് മാസമായി നടന്നുവരുന്ന ദിവസം കഴിഞ്ഞ ദിവസങ്ങളില് ശക്തമായിരുന്നു. ദേശീയ ഹരിത ട്രിബ്യുണലിന്റെ ഇടക്കാല ഉത്തരവ് പ്രകാരം നിർമാണ പ്രവർത്തനം തുടരാൻ കഴിഞ്ഞദിവസം കളക്ടർ ഉത്തരവിട്ടു. ഇതിനെതിരായ പ്രതിഷേധം പോലീസ് നടപടി സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഇന്നലെ കൊച്ചി നഗരത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കസ്റ്റഡിയിലെടുത്തവർ പൊലീസ് സ്റ്റേഷനില് രാത്രി 11 വരെ കുത്തിയിരുന്നു.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവിലെ നിബന്ധനകള്‍ പാലിക്കാതെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന നിലപാടില്‍ സമരക്കാരും ഉറച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി ഫിഷറീസ് മന്ത്രി സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles