പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: മലയാളികളുടെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള(77)അന്തരിച്ചു.വെള്ളിയാഴ്ച രാവിലെ 7.45 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകീട്ട് വടകരയില്‍ നടക്കും.

1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെ മകനായി ജനിച്ച  കുഞ്ഞബ്ദുള്ള തലശ്ശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ളീം സര്‍വ്വകലാശാലയിലും ആയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എംബിബിഎസ് ബിരുദം നേടി. കുറച്ചുകാലം സൌദി അറേബ്യയിലെ ദമാമിലും ജോലിനോക്കിയിട്ടുണ്ട്.  അലീമയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍,  അഗ്നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്‍ന്നെഴുതിയത്) എന്നിവയാണ് പ്രധാന നോവലുകള്‍. അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍ , കുറേ സ്ത്രീകള്‍ , മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍.

നഷ്ടജാതകം എന്ന ആത്മകഥയും ആത്മവിശ്വാസം വലിയമരുന്ന്, പുതിയ മരുന്നും പഴയ മരുന്നും, തുടങ്ങിയ ലേഖനസമാഹാരങ്ങളും വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്ന യാത്രാവിവരണവും എഴുതിയിട്ടുണ്ട്.  സ്മാരകശിലകള്‍ക്ക് 1978ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മാതൃഭൂമി സാഹിത്യ പുരസ്കാരവും  ലഭിച്ചിട്ടുണ്ട്.

Related Articles