‘മാഡം’ കെട്ടുകഥയല്ല;16 ന് ശേഷം എല്ലാം വെളിപ്പെടുത്തും;പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാഡത്തെ കുറിച്ച് താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. വിഐപി ഇക്കാര്യം തുറന്നു പറഞ്ഞില്ലെങ്കില്‍ 16ന് ശേഷം ഇക്കാര്യങ്ങള്‍ താന്‍ തുറന്നുപറയുമെന്നും സുനി. മാഡം സിനിമാ മേഖലയിലുള്ള ആളാണെന്നും സുനി വ്യക്തമാക്കി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാഡം കെട്ടുകഥയല്ലെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ മാഡം എന്ന കഥാപാത്രം കേസിനെ വഴിതിരിച്ചുവിടാനുള്ള സുനിയുടെ തന്ത്രമാണെന്ന നിഗമത്തിലാണ് പോലീസ്. ഈ കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ കുടുങ്ങിയത് സ്രാവാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ ഇനിയും ഉണ്ടെന്നാണ് സുനി പറഞ്ഞത്.

 

ഇതിനുശേഷം അങ്കമാലിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയെ ആയിട്ടുള്ളു എന്നായിരുന്നു സുനി പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ കിട്ടുന്ന ഓരോ അവസരത്തിലും സുനി കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ പേരു വെളിപ്പെടുത്താന്‍ സുനി തയ്യാറുമാകുന്നില്ല. അതുകൊണ്ടു തന്നെ സുനിയുടെ ഈ നിലപാട് കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.