2011 ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്;പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങും;നടിയുടെ മൊഴിയെടുത്തു

കൊച്ചി: പ്രശസ്ത നടിയെ 2011 ല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കോടതിയില്‍ ഇന്ന് ഇതിനുവേണ്ടി അപേക്ഷ നല്‍കും. കേസില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസ് കാക്കനാട് ജയിലിലെത്തിയാണ് സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ മറ്റൊരു പ്രതിയുടെ സുനിയുടെ സഹായിയുമായി ടെമ്പൊഡ്രൈവര്‍ എബിനെ ഇന്നലെ അറസ്റ്റുചെയ്തിട്ടുണ്ട്.

സുനിയുള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 2011ല്‍ നടി ആക്രമിക്കപ്പെട്ട കേസിലുള്‍പ്പെട്ട ഡ്രൈവര്‍, ഹോട്ടലിന്റെ പ്രതിനിധി, സഹായി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ്ചയാണ് സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. സുനിയുടെ നേതൃത്വത്തില്‍ മറ്റൊരു ക്വട്ടേഷന്‍സംഘമാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണംചെയ്തത്.

ജോണി സാഗരിക നിര്‍മിച്ച “ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. എറണാകുളം സൌത്ത് റെയില്‍വേസ്റ്റേഷനില്‍ എത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട്മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിനു മുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെട്ടു. ഹോട്ടല്‍ പ്രതിനിധി എന്ന വ്യാജേന സമീപിച്ച വ്യക്തി കുറഞ്ഞ വാടകയ്ക്ക് മുറി നല്‍കാമെന്നുപറഞ്ഞ് നിര്‍മാതാവിനെ സമീപിച്ചിരുന്നു. ഇയാള്‍ക്ക് ക്വട്ടേഷന്‍സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജോണി സാഗരികയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.