പ്രിന്‍സിപ്പിലെതിരായ വധശ്രമം; പ്രതിഷേധം ശക്തമാകുന്നു.

കോട്ടക്കല്‍: ::പറപ്പൂര്‍ ഐയു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹമ്മദ് ഇസാഖിനെതിരായ വധശ്രമത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു. കൊലപ്പെടുത്തുവാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു.

കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ ഓഫീസ് തല്ലിതകര്‍ക്കുകയും പ്രിന്‍സിപ്പലിനെ കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയും ചെയ്തത്. പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി കഴുത്തില്‍ ഇരുമ്പു ചങ്ങലയിട്ട് കൊല്ലാനും ശ്രമിച്ചു. സംഭവത്തിലെ പ്രതി തൂമ്പത്ത് എടത്തനാട്ട് മൊയ്തീന്‍ കുട്ടിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇസാത്തുല്‍ ഉലു കമ്മറ്റിയുടെ കീഴിലാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കമ്മിറ്റിയുടെ കാലത്ത് ഓപണ്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പലായിരുന്ന മുഹമ്മദ് ഇസാഖിനെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കമ്മിറ്റി ഇത് അംഗീകരിച്ചില്ല. പ്രതിഷേധമുയര്‍ന്നപ്പോള്‍ പ്രിന്‍സിപ്പിലാക്കാന്‍ സമ്മതിക്കുകയും എന്നാല്‍ ചാര്‍ജ് ഏറ്റെടുക്കേണ്ട സമയത്തിന് മുമ്പ് ഹൈസ്‌കൂളിലെ ഒരു അധ്യാപകന് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കുകയും ചെയ്തു.

മാനേജ്‌മെന്റ് കമ്മറ്റിയുടെ കാലാവധി കഴിഞ്ഞ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ കമ്മറ്റിയിലുണ്ടായിരുന്ന മൊയ്തീന്‍കുട്ടിയടക്കമുള്ള പാനലില്‍ മല്‍സരിച്ചവര്‍ പരാജയപെടുകയും പുതിയ കമ്മറ്റി മുഹമ്മദ് ഇസാഖിനെ പ്രിന്‍സിപ്പലാക്കാന്‍ തീരുമാനിക്കുകയും രണ്ടാഴ്ച മുമ്പ് ചുമതലയേല്‍ക്കുകയും ചെയ്തു. പ്രിന്‍സിപ്പലായി ചുമതലയേറ്റശേഷം മുഹമ്മദ് ഇസാഖിന് ഫോണില്‍ ഭീഷണിയുണ്ടായിരുന്നു.

ഓപ്പണ്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂളില്‍ രണ്ടു ദിവസത്തെ ക്ലാസില്‍ പങ്കെടുക്കുകയും ക്ലാസില്‍ നല്‍കുന്ന രണ്ട് വിഷയങ്ങളില്‍ അസൈന്‍മെന്റ് പ്രവര്‍ത്തനങ്ങളും ചെയ്യണമെന്നതും നിര്‍ബന്ധമാണ്. ഇത് രണ്ടും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ മാത്രം പരീക്ഷക്ക് ഇരുത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

പ്രിന്‍സിപ്പലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം പറപ്പൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.