കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിങിനെ പ്രതിചേര്‍ത്തു

ManmohanSinghന്യൂ ഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സി ബി ഐ പ്രതി ചേര്‍ത്തു. 2005 ല്‍ അലൂമിനിയം നിര്‍മാണ കമ്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചെന്നതാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി, ജനപ്രതിനിധിയെന്ന നിലയില്‍ വിശ്വാസ വഞ്ചന കാണിച്ചു എന്നീ കുറ്റങ്ങളാണ് മന്‍മോഹനെതിരെ ചുമത്തിയിരിക്കുന്നത്.

മന്‍മോഹന്‍ സിങ്ങിനെ കൂടാതെ ഹിന്‍ഡാല്‍കോ ഉടമ കുമാര്‍ മംഗലം ബിര്‍ള, ഉദ്യോഗസ്ഥരായ ശുബേന്ദു അമിതാഭ്, ഡി ഭട്ടാചാര്യ, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരഖ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികളെല്ലാവരും ഏപ്രില്‍ എട്ടിന് നേരിട്ട് കോടതിയില്‍ ഹാജരാവാണം.

കല്‍ക്കരിപ്പാട ലേലം നടക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങായിരുന്നു വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. 1.76 ലക്ഷം കോടിയുടെ അഴിമതിയുണ്ടെന്ന് സി എ ജി കണ്ടെത്തിയ കേസില്‍, ജനുവരിയില്‍ മന്‍മോഹന്‍ സിങ്ങിനെ സി ബി ഐ ചോദ്യം ചെയ്തിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കാന്‍ ആദ്യം തയ്യാറാവാതിരുന്ന സി ബി ഐ, ഹിന്‍ഡാല്‍കോയ്‌ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും കേസില്‍ തുടരേന്വേഷണം നടത്താനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. തുടര്‍ന്നാണ് മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുത്തത്.