കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല

download (3)ദില്ലി: കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പങ്കെടുക്കില്ല. തീരുമാനം 24 മണിക്കൂറിനകം ശ്രീലങ്കന്‍ സര്‍ക്കാരിനെ അറിയിക്കും. അതെസമയം ഇന്ത്യന്‍ സംഘത്തെ ആര് നയിക്കുമെന്നതിലും തീരുമാനമായില്ലെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. തമിഴ്‌നാടിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് പിന്മാറ്റം.

ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പങ്കെടുക്കുമെന്നാണ് സൂചന.

ഉച്ചകോടി ബഹിഷ്‌ക്കരിച്ചാല്‍ തന്ത്രപ്രധാന അയല്‍രാജ്യമായ ശ്രീലങ്കയുമായുള്ള ബന്ധത്തില്‍ കോട്ടമുണ്ടാക്കുമെന്ന ആശങ്ക വിദേശ മന്ത്രാലയത്തിനുണ്ടായിരുന്നു. ഈ അവസരം ചൈന മുതലെടുക്കാനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നവംബര്‍ 15 നാണ് കോമണ്‍വെല്‍ത്ത് രാഷ്ട്രതലവന്‍മാരുടെ ഉച്ചകോടിക്ക് തുടക്കമാകുക.