പ്രേമം വ്യാജന്‍: സെന്‍സര്‍ബോര്‍ഡിലെ 3 പേര്‍ അറസ്റ്റില്‍

premamതിരു: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ്‌ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്‌തു. സെന്‍സര്‍ ബോര്‍ഡ്‌ ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരായ അരുണ്‍, ലിജിന്‍, കുമാര്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരാണ്‌ സിനിമയുടെ പകര്‍പ്പ്‌ പെന്‍ഡ്രൈവ്‌ വഴി പുറത്തെത്തിച്ചതെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തില്‍ നിരവധി സിനിമകളുടെ പകര്‍പ്പ്‌ ഇവര്‍ പെന്‍ഡ്രൈവ്‌ വഴി കോപ്പി ചെയ്‌ത്‌ പുറത്തു കൊണ്ടുപോയതായും കണ്ടെത്തിയിട്ടുണ്ട്‌.

ഇവര്‍ സുഹൃത്തുക്കള്‍ക്ക്‌ പകര്‍ത്തിയ കോപ്പി നല്‍കുകയായിരുന്നു. ഇവരില്‍ നിന്നാണ്‌ കൊല്ലത്തെ വിദ്യാര്‍ത്ഥികള്‍ക്ക്‌ സിനിമ കിട്ടിയത്‌. ഇവര്‍ നെറ്റില്‍ സിനിമ അപ്പ്‌ലോഡ്‌ ചെയ്യുകയായിരുന്നു. പിന്നീട്‌ ചിത്രം വാട്‌സ്‌ആപ്പ്‌ വഴി പ്രചരിക്കുകയായിരുന്നു.

സെന്‍സര്‍ബോര്‍ഡില്‍ നിന്നു തന്നെയാണ്‌ ചിത്രം ചോര്‍ന്നതെന്ന്‌ വ്യക്തമായ തെളിവ്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റ്‌ നടന്നതെന്ന്‌ ഡിവൈഎസ്‌പി എം ഇഖ്‌ബാല്‍ പറഞ്ഞു. കേസില്‍ ഇനിയും കൂടുതല്‍ അറസ്റ്റ്‌ ഉണ്ടായിരിക്കുമെന്നും അദേഹം വ്യക്തമാക്കി.

എന്നാല്‍ പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ കൈവശമുണ്ടായിരുന്ന ഹാര്‍ഡ്‌ ഡിസ്‌ക്കില്‍ നിന്നാണ്‌ സിനിമ ചോര്‍ന്നതെന്നായിരുന്നു അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നത്‌. തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ്‌ കൈകാര്യം ചെയ്‌ത തിരുവനന്തപുരം, കൊച്ചി, ചെന്നൈ സ്റ്റുഡിയോകളില്‍ നിന്ന്‌ പിടിച്ചെടുത്ത ഹാര്‍ഡ്‌ ഡിസ്‌കുകളും ഇലക്ട്രോണിക്‌ ഉപകരണങ്ങളും ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു.