പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ മാറാനുള്ള അവസരം ജൂണ്‍ 30 ന് അവസാനിക്കും

Story dated:Tuesday June 27th, 2017,05 01:pm

നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മാറാന്‍ പ്രവാസികള്‍ക്ക് അനുവദിച്ച സമയം ജൂണ്‍ 30 ന് അവസാനിക്കും. റിസര്‍വ് ബാങ്കിന്റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ ഓഫീസുകളില്‍ ജൂണ്‍ 30 വരെയാണ് പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയുക.

അതെസമയം ഒരാള്‍ക്ക് വിദേശത്തു നിന്ന് 25,000 രൂപയുടെ പഴയ നോട്ടുകള്‍ മാത്രമായിരിക്കും കൊണ്ടുവരുവാന്‍ കഴിയുക. ആറുമാസത്തിലധികം വിദേശത്ത് താമസമുളള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 2017 ജൂണ്‍ 30 വരെ നിബന്ധനകള്‍ക്കു വിധേയമായി നോട്ടുകള്‍ മാറ്റി വാങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.

വിമാനത്താവളത്തിലെത്തുന്ന പ്രവാസികള്‍ തങ്ങളുടെ കൈവശമുള്ള തുക എത്രയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറയുകയും അതിനുള്ള സാക്ഷ്യപത്രം വാങ്ങി റിസര്‍വ് ബാങ്കില്‍ സമര്‍പ്പിക്കുകയും വേണം.