Section

malabari-logo-mobile

ചുമട്ടുതൊഴില്‍ മേഖലയില്‍ മെച്ചപ്പെട്ട തൊഴില്‍ സംസ്‌ക്കാരം നടപ്പിലാക്കുന്നു

HIGHLIGHTS : തിരുവനന്തപരം:കേരളത്തിലെ ചുമട്ടു തൊഴില്‍ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും നിര്‍ദ...

തിരുവനന്തപരം:കേരളത്തിലെ ചുമട്ടു തൊഴില്‍ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.    ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉത്തരവാക്കിയ ഏകീകൃത കൂലി പട്ടിക അടിസ്ഥാനപ്പെടുത്തി കയറ്റിറക്ക് കൂലി നല്‍കണം. പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാര്‍ പ്രകാരം കൂലി നല്‍കേണ്ടതാണ്.

ചുമട്ടു തൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാം. അംഗീകൃത ചുമട്ടുതൊഴിലാളികളെ നിയോഗിക്കുകയാണെങ്കില്‍ നിശ്ചയിക്കപ്പെട്ട കൂലി നല്‍കണം. ചെയ്യാത്ത ജോലിക്ക് തൊഴിലാളികള്‍ കൂലി ആവശ്യപ്പെടാനും കൈപ്പറ്റാനും പാടില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കുകയും ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ജോലിസമയത്ത് തൊഴിലാളികള്‍ തൊഴില്‍വകുപ്പ്/ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണം.

sameeksha-malabarinews

കയറ്റിറക്കിന് വാങ്ങുന്ന കൂലിക്ക് കണ്‍വീനര്‍/പൂള്‍ ലീഡര്‍, ഒപ്പിട്ട ഇനം തിരിച്ചുള്ള രസീത് തൊഴിലുടമയ്ക്ക് നല്‍കണം.
നിശ്ചയിക്കപ്പെട്ട നിരക്കിനേക്കാള്‍ അധിക/അമിത കൂലി കൈപ്പറ്റിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ ചുമട്ടുതൊഴിലാളി നിയമപ്രകാരം പണം തിരികെ വാങ്ങിക്കൊടുക്കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍/ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണം.  ക്ഷേമബോര്‍ഡിന് കീഴില്‍ പൂള്‍ ചെയ്ത പദ്ധതിയില്‍ അംഗങ്ങളായവരാണെങ്കില്‍ ക്ഷേമബോര്‍ഡ് മുഖേനയും അല്ലെങ്കില്‍ റവന്യൂ റിക്കവറിയിലൂടെയും പണം ഈടാക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം.

തൊഴില്‍ മേഖലയില്‍ ജോലി ചെയ്യാനുള്ള അവകാശമുന്നയിച്ചോ ഉയര്‍ന്ന കൂലി നിരക്കുകള്‍ ആവശ്യപ്പെട്ടോ തൊഴിലുടമയേയോ ഉടമയുടെ പ്രതിനിധികളെയോ ഭീക്ഷണിപ്പെടുത്തുകയോ കയ്യേറ്റം ചെയ്യുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ മറ്റു തരത്തിലുള്ള തടസ്സം സൃഷ്ടിക്കുകയോ ചെയ്യാന്‍ പാടില്ല. നിയമപരമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സംഗതികളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ചുമട്ടുതൊഴിലാളി നിയമപ്രകാരം തീരുമാനമെടുത്ത് കക്ഷികളെ അറിയിക്കുകയും ആവശ്യമെങ്കില്‍ പോലീസിനെ വിവരം അറിയിക്കുകയും വേണം.

ട്രേഡ് യൂണിയനുകള്‍ തൊഴില്‍ മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണം. ചില മേഖലകളില്‍ യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത കര്‍ശനമായി അവസാനിപ്പിക്കണം. ട്രേഡ് യൂണിയനുകള്‍ ഈ വിഷയം സംബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ മുന്‍കൈയെടുക്കണം.    പൊതുജനങ്ങള്‍ തൊഴില്‍ സംബന്ധമായ നിയമവിരുദ്ധ പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്ന് നിയമപരമായ പരിഹാരം തേടേണ്ടതുമാണ്.

ജില്ലാതല കൂലി പട്ടികകള്‍ മാധ്യമങ്ങള്‍ മുഖേന ലേബര്‍ ഓഫീസര്‍മാര്‍ പ്രസിദ്ധപ്പെടുത്തണം. ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടകള്‍ തുടങ്ങിയവര്‍ മുഖേന കൂലി നിരക്കുകളും മാര്‍ഗനിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനം നടത്തണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!