പോപ്പുലര്‍ ഫ്രണ്ടിനെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി : മതമൗലിക പ്രവര്‍ത്തനങ്ങള്‍ക്കായാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ വിനിയോഗിക്കുന്നതെന്ന് ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലം. കൂടാതെ ഇസ്ലാമിക വല്‍ക്കരണം എന്ന അജണ്ട നടപ്പിലാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് 27 വര്‍ഗ്ഗീയ കലാപങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

വര്‍ഗ്ഗീയതയുടെ പേരില്‍ 86 വധശ്രമങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ 106 വര്‍ഗ്ഗീയ കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. തേജസ്സ് പത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതിനെതിരെ പ്രസാധകരായ ഇന്റര്‍മീഡിയ പബ്ലിഷിങ്ങ് കമ്പനി നല്‍കിയ കേസിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

സംസ്ഥാന പോലീസ് മേധാവിയും അഡീഷണല്‍ ഡിജിപി (ഇന്റലിജന്‍സ് )യും നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചതെന്ന് ജനുവരി 29 ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആഭ്യന്തരവകുപ്പ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് വിട്ട് ഒരു വിഭാഗം സിപിഎമ്മിലേക്ക് പോകാനൊരുങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.