പൊന്നാനിയില്‍ അമ്പത്, മലപ്പുറത്ത് ഒന്നരലക്ഷം ഭൂരിപക്ഷം കടക്കും;ലീഗ് അവലോകനം

download (6)കോഴിക്കോട്: പൊന്നാനിയില്‍ 50,000 ത്തിന്റെ താഴേക്ക് ഇടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുറയുമെന്ന് മുസ്ലിംലീഗിന്റെ തിരഞ്ഞെടുപ്പവലോകനം. എന്നാല്‍ മലപ്പുറത്ത് ഒരുലക്ഷത്തി എഴുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇ അഹമ്മദ് ജയിക്കുമെന്നും ലീഗ്. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷ ഇന്ന് കോഴിക്കോട്ട് നടത്തിയ അവലോകന യോഗത്തിലാണ് നേതൃത്വത്തിന്റെ ഈ വിലയിരുത്തല്‍.

എന്നാല്‍ പൊന്നാനിയിലും മലപ്പുറത്തും കോണ്‍ഗ്രസ് സഹകരിച്ചില്ലെന്ന പരാതി ലീഗിനില്ലെന്ന് യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കെ പി എ മജീദ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 15 സീറ്റുകള്‍ ലഭിക്കുമെന്ന് മജീദ് പറഞ്ഞെങ്കിലും ഏതെല്ലാം സീറ്റിലാണ് തോല്‍ക്കുകയെന്ന് അദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ തിരുവനന്തപുരം, കണ്ണൂര്‍,കാസര്‍കോഡ്, തൃശൂര്‍, ആറ്റിങ്ങല്‍, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തലെന്നാണ് റിപ്പോര്‍ട്ട്.

പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സഹകരിച്ചില്ലെന്ന് പരാതിയില്ലെന്ന് പറയുമ്പോഴും സ്ഥിരമായി സഹകരിക്കാത്ത കോണ്‍ഗ്രസ്സുകാര്‍ ഇത്തവണയും ആ നിലപാട് തുടര്‍ന്നുവെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഈ വോട്ട് ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയതായും ഇവര്‍ കരുതുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഇടിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്ന് അവകാശപ്പെട്ടിരുന്ന മുസ്ലിംലീഗ് മണ്ഡലത്തിലുണ്ടായ അടിയൊഴുക്കുകളെ ഭയപ്പെടുന്നുവെന്നുതന്നെയാണ് സൂചന. ഭൂരിപക്ഷം കുറഞ്ഞാലും മലപ്പുറത്തെ 2 സീറ്റുകളും തങ്ങള്‍ളെ കൈവിടില്ലെന്ന ഉറപ്പു തന്നെയാണ് യോഗത്തില്‍ ഉയര്‍ന്നത്.

മെയ് 8 ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം വ്യക്തമായ കണക്കുകള്‍ ലഭിക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.