പൊന്നാനി; ഒന്നരവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ഗര്‍ഭിണിയായ യുവതി റിമാന്‍ഡില്‍

Untitled-1 copyപൊന്നാനി: വീട്ടില്‍ തന്നെക്കാളും വാത്സല്യം ഒന്നരവയസുകാരിയോടാണെന്ന തോന്നലിനെ തുടര്‍ന്ന്‌ ഗര്‍ഭിണിയായ യുവതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ്‌ കൊലപ്പെടുത്തി. സംഭവത്തില്‍ അഴീക്കല്‍ കല്ലൂക്കാരന്റെ വീട്ടില്‍ സുമയ്യ(24) നെ വളാഞ്ചേരി സിഐ കെ.ജി സുരേഷ്‌ അറസ്റ്റുചെയതു.

അഴീക്കല്‍ കല്ലൂക്കാരന്‍ സക്കറിയുടെ മകളായ ഷിഫാന നസ്‌റിനാണ്‌ കൊല്ലപ്പെട്ട ഒന്നരവയസുകാരി. സക്കറിയയുടെ സഹോദരന്റെ ഭാര്യയാണ്‌ അറസ്‌റ്റിലായ സുമയ്യ. വീട്ടിലുള്ളവര്‍ തന്നെക്കാള്‍ കുഞ്ഞിനോട്‌ സ്‌നേഹം കാണിച്ചെന്നുള്ള തോന്നലും ദേഷ്യവുമാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്ന്‌ പോലീസ്‌ പറഞ്ഞു.

ജൂണ്‍ 9 ന്‌ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചിലില്‍ പിറ്റേദിവസം സമീപത്തെ കിണറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാലടി ഉയരമുള്ള ആള്‍മറയുള്ള കിണറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടതോടെ കൊലപാതകമാണെന്ന്‌ പോലീസ്‌ ഉറപ്പിച്ചിരുന്നു.

തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ സുമയ്യ കിണറ്റില്‍കൊണ്ടുപോയി ഇടുകയായിരുന്നു. കുട്ടിയെ കാണാതെ വീട്ടുകാരും നാട്ടുകാരും പരിസരം മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും പിറ്റേദിവസം രാവിലെയാണ്‌ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്‌.

രണ്ടുമാസം ഗര്‍ഭിണിയായ സുമയ്യയെ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം പൊന്നാനി കോടതിയില്‍ ഹാജരാക്കി മഞ്ചേരി വനിതജയിലില്‍ റിമാന്‍ഡ്‌ ചെയതു.