പുതിയ സാധ്യതകളുമായി പൊന്നാനി വാണിജ്യ തുറമുഖം

0മലബാറിന്റെ ‘മക്ക’യായി അറിയപ്പെടുന്ന പൊന്നാനിയില്‍ ചരക്കുകച്ചവടത്തിന്റെ നഷ്‌ടപ്രതാപം തിരിച്ചുപിടിക്കാനുള്ള വഴി തുറന്ന്‌ പൊന്നാനി ചരക്ക്‌ തുറമുഖത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. ബ്രിട്ടീഷ്‌ കാലത്ത്‌ കേരളത്തിലെ ചെറുകിട തുറമുഖങ്ങളില്‍ ഏറ്റവും കൂടുതല്‍ നീളത്തില്‍ വാര്‍ഫ്‌ നിര്‍മ്മിച്ചത്‌ പൊന്നാനിയിലായിരുന്നു. ചരിത്രമുറങ്ങുന്ന പൊന്നാനിയില്‍ വാണിജ്യത്തിന്റെ പെരുമ പ്രാചീനകാലം മുതലുള്ളതാണ്‌. വിവിധ രാജ്യങ്ങളിലേക്ക്‌ സുഗന്ധ ദ്രവ്യങ്ങള്‍, കൊപ്ര, കയര്‍ ഉത്‌പന്നങ്ങള്‍, തേയില, തടി, ഉപ്പ്‌ എന്നിവയുടെ കയറ്റുമതിയും ഗോതമ്പ്‌ ഈത്തപ്പഴം തുടങ്ങിയവയുടെ ഇറക്കുമതിയും പൊന്നാനി കേന്ദ്രീകരിച്ച്‌ നടന്നിരുന്നു.
തുറമുഖത്തിന്റെ ആഴം കുറഞ്ഞതിനെ തുടര്‍ന്ന്‌ ചരക്കിന്റെ കയറ്റിറക്ക്‌ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുകയും ക്രമേണ മത്സ്യബന്ധനത്തിലേക്ക്‌ മാറുകയുമാണുണ്ടായത്‌. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ പഴയകാല വാണിജ്യ പ്രതാപം വീെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ പൊന്നാനി. 1000 കോടി ചെലവഴിച്ച്‌ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന തുറമുഖം മൂന്ന്‌ വര്‍ഷം കൊണ്ട്‌ പൂര്‍ത്തീകരിക്കാനാണ്‌ കരാര്‍. ഇതോടെ പൊന്നാനി തുറമുഖത്തോടടുത്തുള്ള ദക്ഷിണ കര്‍ണാടക, തമിഴ്‌നാട്‌, വ്യവസായിക പട്ടണങ്ങളായ കോയമ്പത്തൂര്‍, നാമക്കല്‍, സേലം, ഈറോഡ്‌, തിരുപ്പൂര്‍, കഞ്ചിക്കോട്‌, പ്രദേശങ്ങളുമായി അസംസ്‌കൃത വസ്‌തുക്കളുടേയും വ്യവസായ ഉത്‌പന്നങ്ങളുടേയും കയറ്റിറക്കുമതികള്‍ക്ക്‌ സാധ്യതയേറുകയാണ്‌.