പൊന്‍മുടിയിലെ കാട്ടാന ശല്യം നേരിടാന്‍ നടപടി സ്വീകരിക്കും – മന്ത്രി കെ.രാജു

Story dated:Sunday June 12th, 2016,06 33:pm

downloadതിരുവനന്തപുരം ജില്ലയില്‍ പൊന്‍മുടി തേയിലത്തോട്ടത്തിനോട്‌ ചേര്‍ന്നുള്ള ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ കാട്ടാന ശല്യം കാരണം ഭയന്നു കഴിയുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ അടിയന്തര പ്രതിരോധ നടപടികള്‍ക്ക്‌ വനം മന്ത്രി കെ.രാജു തിരുവനന്തപുരം ഡി.എഫ്‌.ഒ-ക്ക്‌ നിര്‍ദ്ദേശം നല്‍കി. കുളത്തുപ്പുഴ റേഞ്ചിന്‌ കീഴില്‍ വരുന്ന ഈ ഭാഗത്ത്‌ മുഴുവന്‍ സമയവും ശ്രദ്ധിക്കുന്നതിന്‌ പേപ്പാറയിലുള്ള റാപ്പിഡ്‌ റെസ്‌പോണ്‍സ്‌ ടീമിനും കാട്ടാന ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള എലിഫെന്റ്‌ കെയറിംഗ്‌ യൂണിറ്റിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഈ സ്ഥലത്ത്‌ ഭാവിയില്‍ അപകടം ഒഴിവാക്കുന്നതിന്‌ യുക്തമായ രീതിയില്‍ ആവശ്യാനുസരണം സൗരോര്‍ജ്ജ വേലിയോ കിടങ്ങുകളോ കെട്ടുന്നതിനും മന്ത്രി കെ.രാജു ഡി.എഫ്‌.ഒ-ക്ക്‌ നിര്‍ദ്ദേശം നല്‍കി. കേരളത്തിലെമ്പാടുമുള്ള വനാതിര്‍ത്തികളില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ളതിന്റെ ആവൃത്തി കണക്കാക്കി മുന്‍ഗണനാ ക്രമത്തില്‍ പ്രതിരോധ വേലികളും കിടങ്ങുകളും തയ്യാറാക്കാനും ആക്രമണത്തില്‍ നാശനഷ്ടം നേരിട്ടവരില്‍ നിന്നും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അപേക്ഷകള്‍ സ്വീകരിച്ച്‌ അര്‍ഹമായ ധനസഹായം നല്‍കുന്നതിനും മന്ത്രി വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി.