പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി സമരം ശക്തമാകുന്നു

Strike4-YItjsപുതുച്ചേരി: വൈസ്‌ ചാന്‍സലര്‍ ചന്ദ്ര കൃഷണമൂര്‍ത്തിയെ നീക്കണമെന്നാവശ്യപ്പെട്ട്‌ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശലയില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച അനിശ്ചിതകാല ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക്‌. വൈസ്‌ ചാന്‍സലര്‍ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെടാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ സത്യമല്ലാത്ത കാര്യങ്ങള്‍ പ്രസ്‌താവിച്ചു എന്നതാണ്‌ പ്രധാന ആരോപണം. വിസിയുടേതായി പുറത്തിറക്കിയ ഒരേയൊരു പുസ്‌തകത്തിന്റെ 98% കോപ്പിയടിച്ച്‌ എഴുതിയതാണെന്നും വിദ്യാര്‍ത്ഥികള്‍ തെളിവുകള്‍ സഹിതം ആരോപിക്കുന്നു.കെടുകാര്യസ്ഥതയും മനുഷ്യാവകാശ ലംഘനങ്ങളും സര്‍കലാശാലയില്‍ പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിരുന്ന എന്‍ട്രന്‍സ്‌ സെന്റര്‍ ആയിരുന്നു കോഴിക്കോട്‌, എറണാകുളം സെന്ററുകള്‍ എന്നാല്‍ ഇത്തവണ അവ ഒഴുവാക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സമരങ്ങളില്‍ കൂടുതല്‍ മലയാളികള്‍ ആയതിനാലാണ്‌ സെന്ററുകള്‍ ഒഴിവാക്കിയതെന്നാണ്‌ സമരക്കാര്‍ പറയുന്നത്‌.

അഡ്‌മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികളെയാകട്ടെ ഹോസ്‌റ്റല്‍ സൗകര്യം തടഞ്ഞുവെച്ചും മറ്റും അധികൃതര്‍ പകരം വീട്ടുകയാണ്‌. കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍വകലാശാലയില്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍വകലാശാലയില്‍ സഞ്ചരിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ബാറ്ററി കാറുകള്‍ നിര്‍ത്തലാക്കി. പെണ്‍കുട്ടികള്‍ക്ക്‌ സൗജന്യമായി നല്‍കിക്കൊണ്ടിരുന്ന സൈക്കിള്‍ പിന്‍വലിച്ചു. രണ്ടുവര്‍ഷം മുമ്പ്‌ ആധുനിക സൗകര്യങ്ങളോടുകൂടി പണികഴിപ്പിച്ച ലൈബ്രറി കെട്ടിടവും മാസ്‌ കമ്യൂണിക്കേഷന്‍ കെട്ടിടവും ഇന്നുവരെ തുറന്നു കൊടുത്തിട്ടില്ല. ഹോസ്‌റ്റലില്‍ ശുദ്ധജലം കി്‌ട്ടാനില്ല. കുളിക്കാന്‍ ലഭിക്കുന്ന വെള്ളവും മലിനമാണെന്ന്‌ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സര്‍വകലാശാലയിലേക്കുള്ള നാല്‌ ഗേറ്റും പൂര്‍ണമായി ഉപരോധിച്ചാണ്‌ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്‌. ഇതോടെ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുദിവസമായി പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്‌.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുകയാണ്‌.