മലിനീകരണ നിയന്ത്രണം; ബിഎസ്-3 വാഹനങ്ങുടെ വില്‍പ്പ നിരോധിച്ചു

ദില്ലി: മലിനീകരണ നിയമന്ത്രണ നിയമപ്രകാരം ബിഎസ്-3 (ഭാരത് സ്റ്റാന്‍ഡേര്‍ഡ്-3)വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും സുപ്രീംകോടതി നിരോധിച്ചു. ഏപ്രില്‍ ഒന്നുമുതല്‍  നിരോധനം പ്രാബല്യത്തില്‍ വരും. വാഹനനിര്‍മാതാക്കളുടെ വാണിജ്യതാല്‍പ്പര്യങ്ങളേക്കാള്‍ പൊതുജനാരോഗ്യത്തിനാണ് പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിലവില്‍ സ്റ്റോക്കുള്ള ബി എസ്-3 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന വാഹന നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും ആവശ്യം കോടതി തള്ളി.

സര്‍ക്കാര്‍ പുറപ്പെടുവിച്ച 2015 ലെ വിജ്ഞാപനപ്രകാരം 2017 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ്-4 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഇതറിഞ്ഞിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വാഹനക്കമ്പനികള്‍ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. ബിഎസ്-4 നിലവാരം പാലിക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും ഏപ്രില്‍ ഒന്നു മുതല്‍കോടതി വിലക്കി. മാര്‍ച് 31 നു മുമ്പ് വാങ്ങിയെന്നു തെളിവുള്ള വാഹനങ്ങള്‍ ഏപ്രില്‍ ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്യാം.

8.24 ലക്ഷം ബിഎസ്-3 വാഹനങ്ങളുടെ സ്റ്റോക്കാണ് കമ്പനികളുടെ കൈവശമുള്ളത്. ഇവ വില്‍ക്കാനാകാത്ത സാഹചര്യത്തില്‍ ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്.

മോട്ടോര്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിന്റെ അളവ് അനുസരിച്ചാണ് ഭാരത് നിലവാരം നിശ്ചയിക്കുന്നത്. ഇതുപ്രകാരം ബിഎസ്-3 വാഹനങ്ങള്‍ കൂടുതല്‍ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു. അന്താരാഷ്ട്ര മലിനികരണ നിയന്ത്രണ വ്യവസ്ഥകള്‍ പ്രകാരമാണ് ഓരോ കാലത്തും ഈ വ്യവസ്ഥകള്‍ പുനര്‍നിശ്ചയിക്കുന്നത്. 2020 ഓടെ ബിഎസ്-6 നിലവാരം നിര്‍ബന്ധമാക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്.