തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പ്രതി മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: തലശ്ശേരി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെ പ്രതി മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. തലശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ഫൈസല്‍, എസ്‌ഐ മാരായ രാമചന്ദ്രന്‍, രമേശ് എന്നിവരയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മോഷണ കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശി മാരിമുത്തുവിനെയാണ് മൂന്ന് ദിവസം മുന്‍പ് സ്റ്റേഷനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പ്രതിക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകിയതിനാണ് മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്തത്.

നാട്ടുകാരാണ് കവര്‍ച്ചാ ശ്രമത്തിനിടെ മാരിമുത്തുവിനെ പോലീസിന് കൈമാറിയത്. പോലീസിന് കൈമാറും മുന്‍പ് നാട്ടുകാര്‍ മാരിമുത്തുവിനെ മര്‍ദ്ദിച്ചിരുന്നതായും ഇതാണ് മരണകാരണമെന്നുമാണ് പോലീസിന്റെ ഭാഷ്യം.