ജിദ്ദയില്‍ പോലീസുകാരനെ ആക്രമിച്ച നാലു പ്രവാസികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

ജിദ്ദ: ജിദ്ദ കോര്‍ണിഷില്‍ പോലീസുകാരനെ മനപ്പൂര്‍വം ആക്രമിച്ച സംഭവത്തില്‍ നാല് പ്രവാസികളും ഒരു സ്വദേശിയും ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായി. (18) എന്ന സ്വദേശിയാണ് പൊലീസുകാരനെ മനപ്പൂര്‍വം വാഹനമിടിച്ചു ആക്രമിക്കാന്‍ ശ്രമിച്ചത്. കുടെയുണ്ടായിരുന്നവരില്‍ മൂന്ന് പേര്‍ ചാഡ് വംശജരാണ്. രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നവരാണിവര്‍ എന്ന് മക്ക പൊലീസ് വക്താവ് കേണല്‍ ആത്വി അല്‍ഖുശറി പറഞ്ഞു. ഒരാള്‍ നൈജീയക്കാരനും രണ്ടാളുകള്‍ യമന്‍ വംശജരുമാണ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരക്കാണ് ജിദ്ദ കോര്‍ണിഷില്‍ നിയമലംഘകരെ പിടികൂടുന്നതിലേര്‍പ്പെട്ട പൊലീസുകാരന് നേരെ ആക്രമണമുണ്ടായത്.

സ്ഥലത്ത് ചിലര്‍ മോട്ടോര്‍ സൈക്കിളുപയോഗിച്ച് ബഹളമുണ്ടാക്കുകയും സന്ദര്‍ശകര്‍ക്ക് പ്രയാസമുണ്ടാക്കുകയും ചെയ്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവരെ തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാരനെ ആക്രമിക്കാനും മനപൂര്‍വം വാഹനം കൊണ്ട് ഇടിക്കാനും സംഘം മുതിര്‍ന്നതെന്ന് പൊലീസ് വക്താവ് പറഞ്ഞു. അക്രമി സംഘത്തില്‍ ഏഴ് പേരാണുള്ളത്. അഞ്ച് പേരെ പിടികൂടിയിട്ടുണ്ട്. രണ്ട് പേരെ കണ്ടത്തൊന്‍ തെരച്ചില്‍ തുടരുകയാണ്. പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് അഭയമോ മറ്റ് സഹായങ്ങളോ നല്‍കരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇരുവരെയും കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം അറിയിക്കണമെന്ന് പൊലീസ് വക്താവ് പറഞ്ഞു.