റൗള്‍ സുറിറ്റ കവിതയെ കലാപത്തിന്റെ കൊടുങ്കാറ്റാക്കിയ കവി – മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപരം:കവിതയെ കലാപത്തിന്റെ കൊടുങ്കാറ്റാക്കിയ കവിയാണ് റൗള്‍ സുറിറ്റയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാബ്‌ളോ നെരൂദയ്ക്ക് ശേഷം ലോക കവിതയെ ഇത്രയേറെ സ്വാധീനിച്ച ലാറ്റിനമേരിക്കന്‍ കവിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലിയന്‍ കവി റൗള്‍ സുറിറ്റയ്ക്ക് ആശാന്‍ വിശ്വകവിത പുരസ്‌കാരം കായിക്കരയില്‍വെച്ച് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതികരിക്കാത്ത പൊള്ളയായ ജന്‍മമാകരുത് കവിയുടേത് എന്ന് എഴുതുകയും ആ വാക്കുകള്‍ ജീവിതത്തിലും സാഹിത്യത്തിലും ഒരുപോലെ പ്രായോഗികമാക്കുകയും ചെയ്തുവെന്നതാണ് സുറിറ്റയുടെ പ്രത്യേകത.
രണ്ടുകാലത്ത് ലോകത്തിന്റെ രണ്ടു ഭാഗങ്ങളിലായി ജീവിച്ച കുമാരനാശാനെയും റൗള്‍ സുറിറ്റയെയും ഇണക്കിചേര്‍ക്കുന്നത് മനുഷ്യസ്‌നേഹമെന്ന മഹത്തായ മൂല്യമാണ്. ഫാസിസ്റ്റ് ദുര്‍ഭരണത്തിനെതിരെ ചിലിയില്‍ പോരാട്ടങ്ങളാണ് അതിന്റെ കനലുകള്‍ ഉള്‍ക്കൊള്ളുന്ന കവിതയെഴുതാന്‍ സുറിറ്റയെ പ്രേരിപ്പിച്ചത്. വ്യവസ്ഥിതിയുടെ ചട്ടങ്ങള്‍ പൊളിച്ചെഴുതാന്‍ ആഹ്വാനം ചെയ്ത കവിയാണ് ആശാന്‍. വ്യവസ്ഥിതിയുടെ ദുര്‍നീതികളെയും പൊളിച്ചെഴുതാന്‍ സ്വന്തം ജീവിതവും കവിതയും ഒരുപോലെ സമര്‍പ്പിച്ച കവിയാണ് സുറിറ്റ. അതുകൊണ്ടുതന്നെ ആശാന്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കുമ്പോള്‍ അതിലൊരു വലിയ ഔചിത്യഭംഗിയുണ്ട്.
ഇന്ത്യന്‍ ജനത, പ്രത്യേകിച്ച മലയാളികള്‍ ചിലിയന്‍ പോരാട്ടങ്ങളോടും അവിടുത്തെ ജനതയോടും എന്നും ഐക്യദാര്‍ഢ്യം പുലര്‍ത്തിയിട്ടുണ്ട്.
23 ാം വയസില്‍ പിനോഷേ സര്‍ക്കാര്‍ കപ്പലില്‍ തടങ്കലിലാക്കി സുറിറ്റയെ പീഡിപ്പിച്ചു. ജയിലിലും പുറത്തും എത്രയോ വര്‍ഷങ്ങള്‍ സഹിച്ച കൊടിയ പീഡനങ്ങളുടെ കനലുകളാണ് പറുദീസാവിരുദ്ധം, അഗ്‌നികാണ്ഡം തുടങ്ങിയ അദ്ദേഹത്തിന്റെ കവിതകളില്‍ കാണുന്നത്.
പേന കൊണ്ടല്ല, പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും തീക്കനല്‍ കൊണ്ടാണ് അദ്ദേഹം എഴുതിയിരുന്നത്. ചിലി അന്ന് അനുഭവിച്ച കിരാതാനുഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും ഇന്നും നടമാടുന്നു. വംശീയവിദ്വേഷത്തിന്റെ കാട്ടുതീയില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം എരിഞ്ഞടങ്ങുന്നു. സിറിയയില്‍ ഉള്‍പ്പെടെ എത്രയോ രാജ്യങ്ങളില്‍ മതവിദ്വേഷം തീപ്പടര്‍ത്തുന്നു.
ഇതു കാണുമ്പോള്‍ പൂവിനെയും നിലാവിനെയും കുളിരരുവിയെയും കുറിച്ചല്ല, നിലവിളിയേയും ചോരയേയും പടരുന്ന തീക്കാറ്റിനെയും കുറിച്ചാണ് കവികള്‍ എഴുതേണ്ടത്. ഇക്കാര്യത്തില്‍ സുറിറ്റയ്ക്ക് വ്യക്തതയുണ്ടായിരുന്നു. തീക്കനലിന്റെ ചൂടും തെളിച്ചവുമുള്ള കവിതയുണ്ടാക്കി.
പൊതുവില്‍ ഇന്ത്യയാകെയും, കേരളത്തില്‍ പ്രത്യേകിച്ചും ഇത്തരം കവിതകള്‍ ഉണ്ടാകേണ്ട കാലമാണിത്. ആ കവിതകള്‍ ജനഹൃദയങ്ങളെ വീര്യവത്താക്കി വംശീയതയുടേയും വര്‍ഗീയതയുടേയും കടവേരറുക്കാനാകണം. സ്വതന്ത്രചിന്തയേയും, സ്വതന്ത്രചിന്തകരെയും വേട്ടയാടുന്ന വര്‍ഗീയ ഫാസിസ്റ്റ്‌വത്കരണത്തിന്റെ അക്രമാസക്തകാലത്ത് മനുഷ്യസ്‌നേഹത്തിന്‍െയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‍െയും കരുത്ത് പകര്‍ന്ന ആശാനും സുറിറ്റയുമൊക്കെ ഒരുപോലെ പ്രചോദനങ്ങളാകണം.
കവിത സമൂഹത്തിന് വേണ്ടിയായിപ്പോയാല്‍ എന്തോ അപകടമുണ്ടാകുമെന്ന് കരുതിയ ആളല്ല കുമാരനാശാന്‍. അദ്ദേഹത്തിന്റെ പ്രതിബദ്ധത പരസ്യമാക്കാന്‍ മടിയുമുണ്ടായിരുന്നില്ല. ആശാനില്ലാത്ത ഭയം തങ്ങള്‍ക്കുണ്ടാകേണ്ടതുണ്ടോ എന്ന് പുതിയ തലമുറയിലെ കവികള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ പ്രവര്‍ത്തനത്തിന് യഥാവിധി സഹായമുണ്ടാകും. ആശാന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കായിക്കര സ്‌കൂളിനെ പ്രത്യേക താത്പര്യത്തോടെ സര്‍ക്കാര്‍ കാണും. സ്‌കൂളിന്റെ വികസനത്തിന് സര്‍ക്കാര്‍ വഹിക്കേണ്ട പങ്ക് വഹിക്കുന്നതിനൊപ്പം നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളുടെ സഹായവുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങിയ സുറിറ്റ മറുപടി പ്രഭാഷണം നടത്തി. റൗള്‍ സുറിറ്റയുടെ പത്‌നി പോളിന സുറിറ്റ, ഡോ. എ. സമ്പത്ത് എം.പി, വി. ജോയ് എം.എല്‍.എ, മുന്‍മന്ത്രി എം.എ ബേബി, ആനത്തലവട്ടം ആനന്ദന്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ശൈലജാബീഗം, ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ്, വി ലൈജു തുടങ്ങിയവര്‍ സംബന്ധിച്ചു. അഞ്ചു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ആശാന്‍ വിശ്വപുരസ്‌കാരം.