ഒറ്റവരകളില്‍ വരയു കാലവും കാഴ്ചകളും

പുസ്തക നിരൂപണം ഒറ്റവരച്ചിത്രങ്ങള്‍
കവിതകള്‍
വിനോദ് ആലത്തിയൂര്

യാല ബുക്‌സ്

കവിത ഒരര്‍ത്ഥത്തില്‍ അവനവനോടുതയെുള്ള സ്വകാര്യം പറയലാണ്. അത് സ്വഗതമല്ല മറിച്ച് ആത്മഗതമാണുതാനും. കവി ഉറക്കെ പറയുന്ന ഈ സ്വകാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ കേള്‍ക്കുന്നയാളാണ് വായനക്കാരന്‍. ആ സ്വകാര്യങ്ങളില്‍ ചിലത് നമുക്കുതന്നെ പറയാനുള്ളതാവാം. നമ്മള്‍ പറയണമെന്ന് അത്രയ്ക്ക് ആഗ്രഹിച്ചതുമാകാം. അതല്ലെങ്കില്‍ നമ്മള്‍ പറയേണ്ടിയിരുതോ ആരെങ്കിലും പറയണമെന്ന് നമ്മള്‍ പ്രാര്‍ത്ഥിച്ചതോ ആകാം. ഇനി ഈ പറയലുകളില്‍ പ്രിയങ്ങളും അപ്രിയങ്ങളുമുണ്ടാകും. (സത്യമായതിനാല്‍ പലപ്പോഴും അപ്രിയങ്ങളും പറയേണ്ടിവരുന്നു എതാണ് കവിയുടെ നിസ്സഹായതയും) ചിലപ്പോള്‍ അവ നമ്മള്‍ തീരെ പ്രതീക്ഷിക്കാത്തതുമാകും. അപ്പോള്‍ കവിതതന്നെ പ്രവചനാതീതമായിപ്പോകുന്നു.
ഇങ്ങനെ പറയലിന്റെയും അറിയലിന്റെയും ഒരു പാരസ്പര്യമാണ് ആസ്വാദനത്തിന്റെ സര്‍ഗ്ഗാത്മകത. ഈയൊരു സര്‍ഗ്ഗാത്മകത വലിയൊരളവില്‍ സാധ്യമാക്കാന്‍ കഴിയുന്നൂവെതാണ് വിനോദ് ആലത്തിയൂരിന്റെ ‘ഒറ്റവരച്ചിത്രങ്ങള്‍’ എന്ന കവിതാസമാഹാരത്തിലെ കവിതകളുടെ സവിശേഷത.

ഋതുഭേദങ്ങള്‍ക്കതീതമായി, സാമാന്യസങ്കല്‍പങ്ങളെയെല്ലാം തിരസ്‌കരിച്ച് അത്യപൂര്‍വ്വമായ ഒരു പൂമരംപോലെ ഈ കവിയില്‍ കവിത ചറുപിറുന്നനെ പൂത്തുലയുന്നുണ്ട്. ഈ കാവ്യ പുഷ്പങ്ങള്‍ ഒരിക്കലും, പേര് ധ്വനിപ്പിക്കുമ്പോലെ വെറും ഒറ്റവരച്ചിത്രങ്ങളല്ലെന്നും, വരച്ചതേയല്ലെന്നും അവ വര്‍ണ്ണങ്ങള്‍ തൂകി സൗഗന്ധികക്കുടങ്ങള്‍ പേറി കാലത്തിന്റെ താഴ്‌വരക്കാറ്റില്‍ ജീവിതമര്‍മ്മരങ്ങള്‍ പൊഴിച്ചുകൊണ്ട് മെയ്യാട്ടിനില്‍ക്കു നയനമോഹിനികളാകുന്നുവെും പറയാതെ അറിഞ്ഞുപോകും. വിനോദിന്റെ കവിതയുടെ ഒരിന്ദ്രജാലമാണത്. ഈ ജാലവിദ്യയേയാണ് ”ഒരു പാത്രത്തില്‍ കുറച്ച് കടലാസ് തുണ്ടുകളിട്ട് കുലുക്കി അരനിമിഷംകൊണ്ട് അതില്‍നിന്ന് സുന്ദരിപ്രാവിനെ പുറത്തെടുക്കുന്ന വിദ്യ”യെന്ന് അവതാരികയില്‍ സി. രാധാകൃഷ്ണന്‍ വിസ്മയിക്കുത്.

വലുതായി പറയുന്ന കവിതകളും ചെറുകവിതകളുമുണ്ട് ഈ സമാഹാരത്തില്‍. എന്നാല്‍ രസായനം കുറുക്കിക്കുറുക്കി വീര്യമേറ്റുതുപോലെ വാക്കിനെ ചുരുക്കിച്ചുരുക്കി മൂര്‍ച്ചകൂട്ടുന്ന മറ്റൊരു കണ്‍കെട്ടും കവിതയെ കരുത്തുറ്റതാക്കിത്തീര്‍ക്കുന്നു.
”നീ വീണുചുംബിക്കുന്ന മണ്ണില്‍
നില്‍ക്കാന്‍ ഞാന്‍ ഭയപ്പെടുന്നു
നീ ശ്വാസം തിരഞ്ഞ ജലത്തില്‍
ദാഹമടക്കാനും” (ഐലാന്‍) എന്ന് ഐലാന്‍ കുര്‍ദിയോട് ക്ഷമയാചിക്കുന്ന പശ്ചാത്താപം അപ്പോള്‍ കവിയുടേതുമാത്രമല്ല, നമ്മുടെ ഓരോരുത്തരുടേതുമായിത്തീരുന്നുണ്ട്.
‘എല്ലാ മരങ്ങളും
മഴുപ്പേടി തീണ്ടാതെ
മഴസ്വപ്നം കണ്ട്
കുട്ടിവരച്ചതുപോലെ'(കുട്ടി വരച്ച മരം) നില്‍ക്കുന്ന വലിയ സ്വപ്നത്തിന് നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ മുഴുവന്‍ ചൂടും ചൂരുമുണ്ട്.
”ലോറിയില്‍നിന്നിറ്റുവീണ്
വഴികളില്‍ മാഞ്ഞുപോയ പുഴകളുടെ നാട്.”(പുഴകളുടെ നാട്) എന്ന്തന്നത്താന്‍ പരിഹസിക്കുമ്പോഴും
”വെയിലിനെപ്പേടിച്ച്
ആരുടെമുഖത്തും
നോക്കാന്‍ കഴിയാതെ
കുഴല്‍ക്കിണറിലൊളിച്ചു
ഈ വേനലില്‍
ഇത്തിരി തെളിനീര്‍.”(തെളിനീരറ്റം) എന്ന് വെന്തുരുകിപ്പറയുന്ന ഈ വേനല്‍ക്കവിതയ്ക്കും
”നിറയാന്‍ പുഴയില്ലെങ്കില്‍
നിനക്ക് മഴയെന്തിന്നെന്ന് ആകാശ”(ചോദ്യം) ത്തിന്റെ ചോദ്യം എറ്റുപിടിക്കുമ്പോഴും അതേ പാരിസ്ഥിതിക ബോധ്യവും നോവും തെയാണ് കടഞ്ഞുടുക്കുന്നത് ഈ കവിതകള്‍.
”ഉറങ്ങുമ്പോള്‍പ്പോലും കണ്ണടയ്ക്കരുതെന്ന്
പഠിച്ചിട്ടും, മനുഷ്യന്റെ വലയില്‍ കുടുങ്ങിപ്പോയവരത്രെ
പാവം മീനുകള്‍”-(മീന്‍ജന്മം)എന്നും
”ഇലകളെ സ്വരങ്ങള്‍ പഠിപ്പിച്ച് തോറ്റുപോയി പാവം കാറ്റ്.”(അപസ്വരങ്ങള്‍)-എന്നും
”മുഴുവന്‍ സ്വര്‍ണ്ണംകൊണ്ട്
ഞാനൊരു ഘടികാരം പണിയും
അതെങ്കിലും എന്റെ ഇഷ്ടത്തിന്
സമയം കാണിയ്ക്കുമോ?”(സമയദോഷം)-എന്ന് വേവലാതിപ്പെടുമ്പോഴും
”കാവിലിക്കുറി പൂതത്തെയൊന്നും കണ്ടില്ല.
പൂതവും കുട്ടിയെത്തിരഞ്ഞത് ഗൂഗിളിലാവുമോ?”(‘ഭൂതപ്പാട്ട്)-എന്ന കളിയാക്കലിലും
”എന്നേക്കാള്‍ വ്യക്തമായി കുട്ടികളോട്
ഒരു മാഷും സംസാരിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബെല്‍.”(ബെല്‍)-എന്ന പതിഞ്ഞ് ചിരിക്കുമ്പോഴും ആശയഗരിമയാല്‍ സമ്പുഷ്ടമായ ഈ ‘ഒറ്റവരികള്‍’ക്ക് ഹൈക്കു കവിതകളുടെ ആകാരവും ആവേശവുമുണ്ട്.
”ഓരോ കുഞ്ഞിലും പിടഞ്ഞുകരയുന്നുണ്ട്
ചോരപൊടിഞ്ഞ ജനാധിപത്യം.”(വോട്ടിംഗ്‌യന്ത്രം)എല്ലാ ആധിപത്യത്തിലും ഇരയാകുന്ന ‘മനുഷ്യത്വ’ത്തിന്റെ നിസ്സഹായതയും
”…അതിരുമറന്ന് പറന്നിറങ്ങണം
ശത്രുവിനെ വേരോടെ പറിച്ചെറിയണം
പാതിരാത്രിയെന്നോ പുലര്‍കാലമെന്നോ
ഓര്‍ക്കാതെ ആക്രമിക്കണം
യുദ്ധം ഹരംതന്നെയാണ്,
നിന്റെയും എന്റെയും രക്തം അതിര്‍ത്തിയില്‍
ഇല്ലാത്തിടത്തോളം.”(യുദ്ധതന്ത്രം) സ്വയം സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്ന ഈ ദേശഭക്തിയുത്സവങ്ങളും, അതേ ആംഗിളില്‍നിന്ന് കാണുന്ന മറ്റൊരു ദേശഭക്തിയിലേക്ക് നമ്മുടെ കണ്ണ് കുത്തിത്തുറപ്പിക്കുന്ന,
”ഇന്ത്യ പാക് ബങ്കര്‍ തകര്‍ത്തു
പാക് ആക്രമണം മൂന്ന്
സൈനികര്‍ മരണപ്പെട്ടു
ഇന്ത്യ തിരിച്ചടിച്ചു, മുപ്പത്
പാക് സൈനികര്‍ കൊല്ലപ്പെട്ടു.
ഇന്ത്യക്ക് ഒന്നും പറ്റിയില്ല, പാക്കിസ്ഥാനും.
മുള്ളുവേലിക്കരികില്‍ കുടിെവള്ളം
ഇനിയേറ്റവുമടുത്ത് എവിടെയെന്നോര്‍ത്ത്
കുറേ ഗ്രാമീണര്‍ മാത്രം
പിടഞ്ഞുകൊണ്ടേയിരുന്നു.”(മറുപടി)- എന്ന് ഈ പരിഷ്‌കൃതകാലത്തും മനുഷ്യര്‍ തീര്‍ക്കു നിരര്‍ത്ഥതകളും പാടുമ്പോഴും വിനോദിലെ കവി വിട്ടുപോകാതെ സൂക്ഷിക്കുന്ന ഗൃഹാതുരതകളും പ്രണയവുമെല്ലാം ഈ കാവ്യസമാഹാരത്തിന്റെ ഹാരങ്ങള്‍തെയാണ്.
”ഞാന്‍ വീണ ആദ്യത്തെ കുഴി നിന്റെ കവിളിലായിരുന്നു.” (പ്രണയഗര്‍ത്തം) എന്ന് പ്രിയമുള്ള പ്രണയവും അതിനുള്ളില്‍ വിങ്ങുന്ന ഗൃഹാതുരതയും സംഗ്രമിക്കുന്നത് നമ്മുടെയൊക്കെ ഹൃദയാന്തരങ്ങളിലേക്കാണ്.
വിഷയവൈവിധ്യം വിനോദിന്റെ കവിതയെ വറ്റാത്ത ഉറവപോലെ പടര്‍ത്തുന്നു. ജീവിതത്തിന്റെ നൈമിഷികതകള്‍തൊട്ട് യുഗാന്തരങ്ങളിലേക്ക് മിന്നിമറിയുന്ന കവിയുടെ കണ്ണേറും കരള്‍കോര്‍ക്കലും സൗന്ദര്യാത്മകതയുടെയും തത്വചിന്തയുടെയും ഒരു വിതാനത്തിലൂടെ അതീതമായ അനുഭൂതികളിലേക്ക് വായനക്കാരനെ ആനയിക്കുന്നുണ്ട്.

കവിതക്ക് കവിതന്നെ വരച്ചുവെച്ച ചിത്രങ്ങള്‍ മറ്റൊരു സമാന്തര കവിതപോലെയോ കാവ്യവീഥിയുടെ അവ്യാഖ്യാനപരതയിലേക്ക് വെളിച്ചം പരത്തു വഴിവിളക്കുകളുടെ കര്‍ത്തവ്യം സ്വയം ഏറ്റെടുത്തതുപോലെയോ ഈ സമാഹാരത്തിന്റെ ഉടലിനോട് നായിത്തന്നെ ചേര്‍ന്നുനില്‍ക്കുന്നുണ്ട്.
അവതാരികാകാരന്‍ വിശേഷിപ്പിച്ചതുപോലെ ‘ധ്യാനത്തില്‍നിന്നുണര്‍ന്ന് വെളിപാടുകള്‍ പങ്കുവെയ്ക്കുന്ന മഹാതാപസന്റെ ജോലി അത്രതന്നെ ഫലപ്രദമായി ഈ കവിതകളില്‍ ചെയ്യുന്നത്, ആശയങ്ങളുടെ പളുങ്കുഗോട്ടികള്‍കൊണ്ട് ഇരുപുറവും താന്‍തന്നെ കളിക്കുന്ന കുസൃതിയായ ഒരു കുട്ടിയാണ്.’ നമ്മില്‍ ഒരേസമയം കൗതുകവും ആശ്ചര്യവും ഒരുപോലെ തീര്‍ക്കാന്‍ വിനോദിലെ വലിയ കവിക്ക് കഴിയുന്നുണ്ട്.
പുസ്തകത്തിന്റെ കെട്ടും മട്ടും കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നൂവെന്ന് പറയുമ്പോഴും കെട്ടിലും മട്ടിലുമല്ല കാമ്പിലാണ് കാര്യന്നെ് വിളിച്ചുപറയുന്ന വിനോദിന്റെ കവിതകള്‍ നമ്മുടെ അത്തരം ദോഷൈക ദൃഷ്ടിയെ അമ്പരപ്പിച്ചുകൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

മനുഷ്യത്വം ഇറ്റെങ്കിലും വറ്റാത്തവരുടെ കണ്ണും കരളുമലിയിച്ച ഐലാന്‍കുര്‍ദിയും പ്രിയപ്പെട്ട ഓയെന്‍വിയുടെ ഒടുങ്ങാത്ത ഓര്‍മ്മകളും തൊട്ട് മണ്ണും വിണ്ണും ഉറുമ്പും മനുഷ്യനും ആകുലതകളും പ്രണയവും പൂവും കിളിയും പരിസ്ഥിതിയും, കടലും അപ്പൂപ്പന്‍താടിയും മഴയും തണലുമെല്ലാം വിനോദിന്റെ കാവ്യപരപ്പില്‍ തിരതല്ലുന്നുണ്ട്.

ഫിറമോ, ഐലാന്‍, മഴയനക്കങ്ങള്‍, ഒറ്റവരച്ചിത്രങ്ങള്‍, പുഴനാട്, തെളിനീരറ്റം, അപ്പൂപ്പന്‍താടി, ഉള്‍വേവുകള്‍, കൊന്നപ്പൂവുകള്‍, പ്രണയഗര്‍ത്തം, ജന്മാന്തരം തുടങ്ങി നാല്‍പ്പത്തിരണ്ട് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. കാലത്തിന്റെ കവിതയെന്ന് ചുരുക്കിപ്പറയാതെ കാലത്തെ കടുപോകുന്ന കവിതയെന്നുതന്നെ ഈ ‘ഒറ്റവര’കളെ വിശേഷിപ്പിക്കാം. കാരണം ചിലവരകള്‍ അങ്ങനെ മായാതെ കിടക്കും കാഴ്ചയിലും കാലത്തിലും കരളിലുംകൂടി.