മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണി അനുവദിക്കില്ല;കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല;പിണറായി

Story dated:Saturday October 15th, 2016,12 24:pm

കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് വേണ്ടെന്നും അദേഹം പറഞ്ഞു. കോടതിയില്‍ ആര് കയറണം ആര് കയറണ്ട എന്ന് കല്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ല. കോടതിയുടെ അധികാരം ജുഡീഷ്യറിക്കാണ്. ഈ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല. നിയമം ലംഘിക്കപ്പെടുകയും അതിരുവിടുകയും ചെയ്താല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

അഭിഭാഷകരും പ്രത്രപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നം വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ്. ഇതിന് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉപകരണമാവരുത്. ചീഫ് ജസ്റ്റിസ് ഉണ്ടാക്കിയ ധാരണ അട്ടിമറിക്കുന്നവരെ ഇരുകൂട്ടരും ഒറ്റപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.