പിണറായിയെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ സിപിഎം സക്രട്ടറിയേറ്റ്

തിരു : ലാവിലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ത്തത് രാഷ്ട്രീയദൂഷ്‌ലാക്കോടെയാണെന്ന പാര്‍ട്ടി നിലപാടിന്റെ സാധൂകരണമാണ് കോടതി വിധിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ കേസില്‍ കുടുക്കി തകര്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ദുഷ്ടലാക്കിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ കോടതി വിധിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

2006 ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പ്രശ്നം സിബിഐ അന്വേഷണത്തിന് വിട്ടു. ഏതു വിധേനെയും പിണറായി വിജയനെ പ്രതിയാക്കണമെന്ന മുന്‍ ധാരണയോടെയാണ് സി.ബി.ഐ പ്രവര്‍ത്തിച്ചത്.  ലാവിലിനുമായുള്ള കരാറിന് രൂപം നല്‍കിയ യു.ഡി.എഫ് മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്റെ ചെയ്തികളില്‍ ഒരു കുറ്റവും കാണാത്ത സി.ബി.ഐ, പിണറായി വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ മറികടന്ന്, അന്നത്തെ ഗവര്‍ണ്ണര്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയും നല്‍കി. ഇതെല്ലാം വലിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു. മാര്‍ക്സിസ്റ്റ്വിരുദ്ധ മാധ്യമങ്ങള്‍ ഈ കള്ളക്കേസിന്റെ മറവില്‍ പാര്‍ടിയേയും പിണറായി വിജയനേയും വേട്ടയാടിയെന്നും പ്രസതാവന തുടരുന്നു.

കള്ളക്കേസുകളുണ്ടാക്കി, മലീമസമായ പ്രചരണം നടത്തി പാര്‍ടിയെ തകര്‍ക്കാമെന്ന് വ്യാമോഹിച്ച എല്ലാവര്‍ക്കുമുള്ള താക്കീതാണ് കോടതി വിധിയെന്നും  പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി തകര്‍ക്കാമെന്ന് കരുതുന്നവര്‍ക്കുമുള്ള മുന്നറിയിപ്പുമാണിതെന്നും സിപിഐഎം  സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.