ജെഎന്‍യുവിലെ അധ്യാപികയെ വിദ്യാര്‍ഥി പീഡിപ്പിച്ചെന്ന് പരാതി

images (3)ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയെ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതായി പരാതി. സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് വിദ്യാര്‍ഥിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജെ എന്‍ യുവിലെ ഗവേഷണ വിദ്യാര്‍ഥിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു.

വിദ്യാര്‍ഥിയെ താനായിരുന്നു ഗവേഷണത്തില്‍ സഹായിച്ചിരുന്നത്. തങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. സംശയങ്ങള്‍ ചോദിക്കാന്‍ വേണ്ടി വിദ്യാര്‍ഥി തന്റെ ഫഌറ്റില്‍ വരാറുണ്ടായിരുന്നു. മുനിര്‍ക്കയിലാണ് അധ്യാപികയുടെ ഫഌറ്റ്. വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ഥി താനുമായി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് അധ്യാപിക പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

പി എച്ച് ഡി കഴിഞ്ഞാല്‍ ഉടന്‍ വിവാഹം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍ വിളിക്കുമ്പോള്‍ വിദ്യാര്‍ഥി ഫോണെടുക്കുന്നില്ല. കഴിഞ്ഞ ഏതാനും ദിവസമായി തന്നെ കാണാനോ പ്രതികരിക്കാനോ തയ്യാറാകുന്നില്ല. താന്‍ ഈ ബന്ധം കാര്യമായി എടുത്തിട്ടില്ല എന്നും വിവാഹം കഴിക്കാന്‍ പറ്റില്ല എന്നും മാത്രമാണ് അറിയിച്ചത്.

പരാതിയെ തുടര്‍ന്ന് ഗവേഷണ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു. ഇയാളെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഉടന്‍ തന്നെ അറസ്റ്റ് നടന്നേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരിയായ അധ്യാപികയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.