പെട്രോള്‍പമ്പുകള്‍ ഞായറാഴ്ച അടച്ചിടുന്നതിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം

Story dated:Friday April 21st, 2017,10 02:am

ദില്ലി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്ത്. ചെറിയശതമാനം പെട്രോള്‍പമ്പുടമകളുടെ സംഘടനകളാണ് ഈ തീരുമാനമെടുത്തതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു. പ്രമുഖ സംഘടനകള്‍ പമ്പുകള്‍ അടച്ചിടില്ലെന്ന് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 46,000 പെട്രോള്‍പമ്പുടമകള്‍ അംഗങ്ങളായുള്ള ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഇതില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് അജയ് ബന്‍സാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ധനം ലാഭിക്കാനാണ്, പെട്രോള്‍പമ്പുകള്‍ അടച്ചിടാനല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ട്വീറ്റുകളില്‍ പറയുന്നു.  കേരളമുള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് മേയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. തമിഴ്‌നാട്, പുതുച്ചേരി,ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.